ഈ മോഷണക്കഥ പറയുകയാണ് ചവറുടെ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഫെയ്സ് ബുക്കിലൂടെയാണ് ആര് എസ് പി നേതാവ് ഈ രാഷ്ട്രീയ മോഷണ കഥ വിശദീകരിക്കുന്നത്.
ശങ്കരമംഗലത്തെ കോവിഡ് രണ്ടാംനിര ചികിത്സാകേന്ദ്രത്തിനു ചവറ കെഎംഎംഎല്‍ കോടികള്‍ ചെലവിട്ടു വാങ്ങി നല്കിയ കിടക്കകള്‍, ഫ്രിജുകള്‍, കൂളറുകള്‍, വാഷിങ് മെഷീനുകള്‍, ടിവികള്‍, കസേരകള്‍ വരെയുള്ള സാധന സാമഗ്രികള്‍ സെന്റര്‍ പൂട്ടിയപ്പോള്‍ യാതൊരു മാന:ദണ്ഡവും പാലിക്കാതെ ഭരണകക്ഷിയും, അവരുടെ യുവജന സംഘടനയുടെയും ആളുകള്‍ അവരുടെ കൊടികെട്ടിയ വാഹനങ്ങളില്‍ കൊണ്ടുപോയി. ഇതിനെച്ചൊല്ലിയുള്ള വിവാദം ഇതോടെ കൊഴുക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മാത്രം നല്‍കാനാണു തീരുമാനമെങ്കിലും ഏറെയും കിട്ടിയത് ഇടത് അനുകൂല സംഘടനകള്‍ക്ക് !
കോവിഡ് വ്യാപനം അതിരൂക്ഷമായ വേളയില്‍ 5 കോടി രൂപ ചെലവിട്ടാണ് ഓക്സിജന്‍ സൗകര്യത്തോടെ 854 കിടക്കകള്‍ ശങ്കരമംഗലം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലും സ്കൂള്‍ ഗ്രൗണ്ടിലുമായി കെഎംഎംഎല്‍ ഒരുക്കിയത്. ചെലവാക്കിയ തുക കെഎംഎംഎല്ലിനു തിരിച്ചു കൊടുക്കുമെന്നു നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ കിടക്കകള്‍ ഉള്‍പ്പെടെ വാങ്ങിയത് പൊതുഫണ്ട് ഉപയോഗിച്ചാണെന്നു വ്യക്തം. സ്കൂളിലെ 250 കിടക്കകളാണ് ആശുപത്രി സേവനത്തിനു വേണ്ടിവന്നത്. ഗ്രൗണ്ടില്‍ ഒരുക്കിയ 604 കിടക്കകള്‍ ഉപയോഗിക്കേണ്ടി വന്നില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി മാറ്റാനും ഫര്‍ണിച്ചറും ഉപകരണങ്ങളും നീക്കാനും അടുത്തിടെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
സാംസ്കാരിക സംഘടനകള്‍, അഭയകേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് ഫര്‍ണിച്ചറും ഉപകരണങ്ങളും എന്‍എച്ച്എം കൈമാറിയതു രാഷ്ട്രീയ താല്പര്യത്തിനാണെന്നാണ് ആരോപണം. അപേക്ഷ ക്ഷണിച്ച ശേഷമാണു വിതരണം ചെയ്തതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല. ലഭിച്ച ഉപകരണങ്ങള്‍ ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചില പ്രദേശങ്ങളില്‍ നല്‍കുന്നതിന്റെ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെയാണ് ഇവ കോവിഡ് ആശുപത്രിയിലേക്കു വാങ്ങിയവയാണെന്ന വിവരം വെളിച്ചത്തായത്. ഈ വിഷയമാണ് ഷിബു ബേബി ജോണ്‍ അവതരിപ്പിക്കുന്നത്.
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ KMML ന്റെ ആറ് കോടി രൂപയോളം സഹായത്തോടെ ചവറ ശങ്കരമംഗലം ഗ്രൗണ്ടില്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (CSLTC) സജ്ജീകരിച്ചത്. KMML ന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു കസേര, കട്ടില് ,കൂളര്‍, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന് തുടങ്ങി അവിടേയ്ക്ക് ആവശ്യമായിരുന്ന അടിസ്ഥാന ആവശ്യങ്ങളെല്ലാം ഒരുക്കിയത്. സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും വലിയ CSLTC കളില്‍ ഒന്നായ ഇത് ജില്ലയിലെ കോവിഡ് പ്രതിരോധരംഗത്തിന് വളരെയധികം കരുത്തേകിയ സംരംഭമായിരുന്നു.
എന്നാല്‍ ഈ കോവിഡ് ചികില്‍സാകേന്ദ്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തലാക്കി എന്നാണ് പത്രവാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവിടത്തെ കട്ടില് മുതല്‍ കൂളര്‍ വരെയുള്ള സാധന സാമഗ്രികള്‍ യാതൊരു മാന:ദണ്ഡവും പാലിക്കാതെ ഭരണകക്ഷിയും, അവരുടെ യുവജന സംഘടനയുടെയും ആളുകള്‍ അവരുടെ കൊടികെട്ടിയ വാഹനങ്ങളില്‍ കൊണ്ടുപോയി അവര്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യുന്ന അത്ഭുത കാഴ്ചയാണ് കണ്ടത് . ഇത് പാലിയേറ്റിവ് രോഗികള്‍ക്കാണ് വിതരണം ചെയ്യേണ്ടത് എങ്കില്‍ അതിന് സംവിധാനമുള്ള പഞ്ചായത്ത് – ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഭരണസമിതികള്‍ പോലും ഇതറിഞ്ഞിട്ടില്ല.
CSLTC നിര്‍ത്തലാക്കിയതിനെ കുറിച്ചും KMML ന്റെ ഫണ്ട് കൊണ്ട് വാങ്ങിയ ഉപകരണങ്ങള്‍ എടുത്തു കൊണ്ടുപോയതിനെ കുറിച്ചും ഒന്നുമറിയില്ല എന്നാണ് MLA യും, ഇതിന്റെ പരിപാലന ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയും മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടുമില്ല. ഇവിടത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതിന് KMML ആറ് കോടി ചെലവഴിച്ച നാടിന്റെ പൊതുസ്വത്ത് ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പട്ടാപ്പകല്കൊള്ളയടിക്കുന്നത് ലജ്ജാവഹമാണ്.
ഇതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് നോക്കിനില്ക്കുന്ന പാവയായി ഇവിടുത്തെ നിയമസഭാഗം മാറിയത് പരിഹാസ്യമാണ്. ഈ സംഭവം മാധ്യമങ്ങള്‍ വഴി അധികാരികളും പൊതുസമൂഹവും അറിഞ്ഞിട്ടും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ ഇതിനെതിരെ വിജിലന്‍സില്‍ പരാതി നല്കാന് ഞാന്‍ തീരുമാനിച്ചു .എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ ഈ തീരുമാനം എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതായിരിക്കും.
The post കിടക്ക മുതല്‍ കൂളര്‍ വരെ, ഒരു മോഷണകഥ സൊല്ലട്ടുമാ first appeared on MalayalamExpressOnline.

