Dailyhunt
കോടിയേരിയപ്പയും കൈവിട്ടു, ഷംസീറിന് നേരെ ചൂണ്ടുവിരലുകള്‍ ഏറുന്നു

കോടിയേരിയപ്പയും കൈവിട്ടു, ഷംസീറിന് നേരെ ചൂണ്ടുവിരലുകള്‍ ഏറുന്നു

മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച സംഭവത്തില്‍ തലശേരി എംഎ‍ല്‍എയായ എ.എന്‍ ഷംസീറിനെ ഗോഡ്ഫാദറായ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടു ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തലശേരി എംഎ‍ല്‍എ കുടിയായ ഷംസീര്‍ കുടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചോര്‍ന്നതില്‍ സിപിഎം നേതൃത്വം ഷംസീറടക്കമുള്ള യുവ എംഎ‍ല്‍എമാരെ പേരെടുത്തു കുറ്റപ്പെടുത്തിയില്ലെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് എംഎ‍ല്‍എമാരെ അതൃപ്തി അറിയിച്ചത്. പാര്‍ട്ടി എംഎ‍ല്‍എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി താക്കീത് നല്‍കി.

കരാറുകാരേയും കൂട്ടി എംഎ‍ല്‍എമാര്‍ മന്ത്രിക്കു മുന്നിലേക്കു വരരുതെന്നായിരുന്നു ഏഴാം തീയതി ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനെതിരേയായിരുന്നു സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ എംഎ‍ല്‍എമാരുടെ വിമര്‍ശനം. തലശ്ശേരി എംഎ‍ല്‍എ എ.എന്‍ ഷംസീറായിരുന്നു വിമര്‍ശനത്തിന് തുടക്കമിട്ടത്. ഇതിനുപിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച്‌ റിയാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല.

എന്നാല്‍ കോടിയേരിയുടെ വിമര്‍ശനം അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായ എ.എന്‍ ഷംസീര്‍ അടക്കമുള്ള മറ്റ് എംഎ‍ല്‍എമാരെ ഞെട്ടിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ വിഷയം വഷളാകാതിരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനോ ചര്‍ച്ചകള്‍ക്കോ ഷംസീര്‍ തയാറായതുമില്ല. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നു പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സിപിഎമ്മിന്റെ പുതുതലമുറ നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമസഭാകക്ഷി യോഗത്തിലെ പരസ്യ വിമര്‍ശനത്തിനും അത് വിവാദമായി മാറിയതിനും കാരണം. ഇത് ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. എന്നാല്‍ ഷംസീറിന്റെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളതായും സൂചനയുണ്ട്. ഇതാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കാന്‍ കാരണമായത്.

മുസ്‌ലിം സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള മലബാറില്‍ ഒരുകാലത്തു പാലോളി മുഹമ്മദ് കുട്ടിയും എളമരം കരീമുമായിരുന്നു സിപിഎമ്മിന് ഈ സമുദായത്തില്‍നിന്നുള്ള മുഖങ്ങള്‍. വിഭാഗീയത കൊടുമ്ബിരിക്കൊണ്ട കാലത്തു വി എസ്.അച്യുതാനന്ദനെ വെട്ടാന്‍ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ഉയര്‍ത്തിക്കാട്ടാന്‍ പിണറായി പക്ഷം തയാറായി. ഈ ഒഴിവുകളിലേക്കു സിപിഎം വളര്‍ത്തിക്കൊണ്ടുവന്ന യുവാക്കളാണ് എ.എന്‍.ഷംസീറും പി.എ.മുഹമ്മദ് റിയാസും. ഷംസീറിന്റെ രക്ഷകര്‍തൃത്വം കോടിയേരി ബാലകൃഷ്ണനും റിയാസിന്റേതു പിണറായി വിജയനുമാണ് ഏറ്റെടുത്തിരുന്നത്.

എന്നാല്‍, ഷംസീറും മന്ത്രി മുഹമ്മദ് റിയാസും ഒരുമിച്ചുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കാലം അറിയാവുന്നവര്‍ക്ക് ഇതു വലിയ അദ്ഭുതമുണ്ടാക്കുന്നില്ല. തനിക്കു കിട്ടേണ്ടിയിരുന്ന മന്ത്രിസ്ഥാനം പോയതിന്റെ പേരില്‍ മാത്രമല്ല, സംഘടനയില്‍ തനിക്കൊപ്പം നിന്ന പലരെയും വെട്ടിനിരത്തിയതിന്റെ പേരില്‍ കൂടിയാണു ഷംസീര്‍ ഇടഞ്ഞതെന്നു കരുതുന്നവരാണ് ഇക്കൂട്ടത്തിലുള്ളത്. കരാറുകാരും എംഎല്‍എമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം മാത്രമല്ല ഷംസീറിനെ പ്രകോപിതനാക്കിയതെന്നര്‍ഥം.

കോടിയേരിയില്‍ ജനിച്ച ഷംസീറിനു രാഷ്ട്രീയത്തില്‍ ‘ഗോഡ്ഫാദര്‍’ സ്വാഭാവികമായും കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. സംഘടനയിലും പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഷംസീറിന്റെ കയറ്റങ്ങള്‍ക്കു പിന്നില്‍ ദൃശ്യവും അദൃശ്യവുമായി കോടിയേരിയുണ്ടായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടശേഷവും ഷംസീറിനെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലും സംഘടനയിലും ഒരുപോലെ ഉറപ്പിച്ചു നിര്‍ത്താന്‍ കോടിയേരി ശ്രമിച്ചു. കോടിയേരി പ്രതിനിധീകരിച്ചിരുന്ന തലശ്ശേരി മണ്ഡലത്തില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ഷംസീര്‍ അദ്ദേഹത്തിനു പകരക്കാരനായി. എന്നാല്‍ റിയാസിനെ ഷംസീര്‍ വിമര്‍ശിച്ചതോടെ കോടിയേരിക്കും തുണയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

The post കോടിയേരിയപ്പയും കൈവിട്ടു, ഷംസീറിന് നേരെ ചൂണ്ടുവിരലുകള്‍ ഏറുന്നു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online