കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ . ഗള്‍ഫില്‍നിന്നെത്തിയ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാര്‍ച്ച് 22 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു . വെന്‍റിലേറ്ററില്‍ ആയിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണമടയുന്നത്. നേരത്തെ തന്നെ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളയാളാണ് മരണമടഞ്ഞ വ്യക്തിയെന്നും പൊതുജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

