Sunday, 24 Jan, 3.20 pm മലയാളം എക്സ്പ്രെസ്സ്


'കൊയര്‍ ഓഫ് കേരള': കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്ലോട്ട് ഒരുങ്ങി

ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്ലോട്ട് ഒരുങ്ങി. കൊയര്‍ ഓഫ് കേരള എന്ന വിഷയത്തിലാണ് കേരളം ഫ്ലോട്ട് ഒരുക്കിയത്. 2013 ല്‍ ഒന്നാം സ്ഥാനം നേടിയതിനു ശേഷം 2018 ലാണ് കേരളത്തിന് ഫ്ലോട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. തെയ്യവും ചെണ്ടയും കൂടി ചേരുന്നത്തോടെ ഫ്ലോട്ടിന്റെ മാറ്റ് കൂടും. കേരളത്തിന്റെ സംസ്‌കാരവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക് (യു. റ്റി.) മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തില്‍ നിന്നുള്ള 12 കലാകാരന്‍മാര്‍ ഫ്‌ളോട്ടിന് വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ദൃശ്യ ചാരുതയൊരുക്കും. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഫ്‌ളോട്ട് ഒരുക്കിയിട്ടുള്ളത്'. പ്രമുഖ ടാബ്ലോ ഡിസൈനര്‍ ബാപ്പാദിത്യ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് ഫ്‌ളോട്ട് നിര്‍മ്മിക്കുന്നത്. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്‌ളോട്ടിന്റെ മുന്‍ഭാഗത്ത് തേങ്ങ, ചകിരി എന്നിവയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്ബരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചെണ്ടയും തെയ്യവും കയര്‍ വ്യവസായവും ചീനവലയും തെങ്ങും, തേങ്ങയുടെ വളര്‍ച്ചയും ചകിരിയും കയര്‍ വ്യവസായത്തിന്റെ എല്ലാ മേഖലകളും ഫ്ലോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കേരളത്തിന്റെ കായല്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന ചീനവലയും കരയില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളുമാണ് ഫ്‌ളോട്ടിന്റെ പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന കരിക്കിന്റെ മാതൃക. കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തില്‍ ഏറെ പ്രാധാന്യമുള്ള തെയ്യവും ഫ്‌ളോട്ടിന് മിഴിവേകും. മണ്ണൊലിപ്പു തടയുന്നതിന് കയര്‍ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിന്‍വശത്തെ ഭൂഭാഗം. കേരളത്തിലെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വിളിച്ചോതുന്ന രീതിയിലാണ് ഫ്ലോട്ട് നിര്‍മിച്ചത്. 2021ലേക്ക് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ അതിരൂക്ഷ പ്രക്ഷോഭത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഉള്‍പ്പെടുത്തിയുള്ള ഫ്ലോട്ട് കേരളം കര്‍ഷകരുടെ കൂടെയാണെന്ന് പരോക്ഷമായി വിളിച്ചു പറയുന്ന തരത്തിലാണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top