Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലം

കോഴിക്കോട്: അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലമായി. ഇതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ കുഞ്ഞിനെ

കോഴിക്കോട്: അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലമായി. ഇതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കൈമാറും. കഴിഞ്ഞ നാല് മാസമായി കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി അമ്മ ജില്ലാ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. വെള്ളയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഡിഎൻഎ പരിശോധന നടത്താൻ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാല്‍, പരിശോധനയ്ക്കായി 25,000 രൂപ അമ്മ തന്നെ നല്‍കണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് മന്ത്രി ഇടപെടുകയും ഡിഎൻഎ പരിശോധനയ്ക്കുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയും ചെയ്തു. ഇന്നലെയാണ് ഡിഎൻഎ ഫലം പുറത്തുവന്നത്.

കുട്ടിയെ കൈമാറുന്നതിന് മുന്നോടിയായി കുട്ടിക്ക് വളരാൻ ആവശ്യമായ സുരക്ഷിതമായ സാഹചര്യമുണ്ടോ എന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് ഡിസിപിയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് കൗണ്‍സലിങ് നല്‍കും. ഇതിനുശേഷമേ കുഞ്ഞിനെ ഔദ്യോഗികമായി കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച്‌ നാലിനാണ് കോഴിക്കോട്ടെ ഗവ. ആശുപത്രിയില്‍ അമ്മ കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് മാർച്ച്‌ 12-ന് രാത്രി 10:30-ഓടെ ബീച്ച്‌ ഗവ. ആശുപത്രിക്ക് കീഴിലുള്ള അമ്മത്തൊട്ടിലില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ 48 ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ തിരികെ ലഭിക്കാൻ വേണ്ടി അമ്മ സിഡബ്ല്യുസിയെ സമീപിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന് സിഡബ്ല്യുസി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലാണ് അമ്മയുടെയും കുട്ടിയുടെയും ഡിഎൻഎ പരിശോധന നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online