നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ മദ്യനിരോധനവും (ഡ്രൈ ഡേ) നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ മദ്യനിരോധനവും (ഡ്രൈ ഡേ) നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ്ങാണ് ഉത്തരവിറക്കിയത്. മെയ് മൂന്നിന് വൈകീട്ട് ആറ് മണി മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ തുടർച്ചയായ 39 മണിക്കൂർ നേരത്തേക്കാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിയർ-വൈൻ പാർലറുകള്‍ എന്നിവയുള്‍പ്പെടെ മദ്യം വിളമ്പുന്ന എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഈ സമയയളവില്‍ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും എക്സൈസിനും കളക്ടർ നിർദ്ദേശം നല്‍കി.
വോട്ടെണ്ണല്‍ ദിനത്തില്‍ സംഘർഷ സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയില്‍ നിരോധനാജ്ഞയും നിലവിലുണ്ടാകും. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് പൊലീസിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. രാത്രി ഏഴ് മണിക്ക് മുമ്പായി ആഘോഷങ്ങള്‍ അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ, സ്ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

