Saturday, 28 Mar, 6.02 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ലോഡുകള്‍ എത്തുന്നില്ല : "എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്" ത്രിശങ്കുവില്‍

ഒടുവില്‍ കര്‍ണാടകത്തില്‍ നിന്നുള്ള രണ്ടു റോഡുകള്‍ തുറക്കാന്‍ ധാരണയായി . രണ്ടു പ്രധാനറോഡുകളില്‍ ഗതാഗതം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. അതിര്‍ത്തി റോഡ് തടഞ്ഞിട്ട മണ്ണ് നീക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്കു കത്തയചിരുന്നു . ചരക്ക് നീക്കം സ്തംഭിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ഉറപ്പുനല്‍കിയത് മുഖ്യ മന്ത്രി ഓര്‍മിപ്പിച്ചു. അതിനു പിന്നാലെയാണു് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം വന്നത് . മൈസൂരു - ബാവലി, ചാമരാജ്നഗര്‍ റോഡുകളിലൂടെ ഗതാഗതം അനുവദിക്കും. കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ല. കരിഞ്ചന്തക്കാര്‍ മാത്രം ഉപയോഗിക്കുന്ന വഴിയാണിത്.

മംഗളൂരുവില്‍ മെഡിക്കല്‍ കോളജും ആശുപത്രികളും രോഗികളെ കൊണ്ട് നിറ‍ഞ്ഞിരിക്കുകയാണ്. തല്‍ക്കാലം കാസര്‍കോട്ടുനിന്ന് രോഗികള്‍ വരരുതെന്നാണ് മന്ത്രിയുടെ അഭ്യര്‍ഥന. ജില്ലാ കലക്ടറുമായി വീണ്ടും സംസാരിക്കാെമന്നും സദാനന്ദഗൗഡ പറഞ്ഞു . അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ചതുകാരണം കണ്ണൂര്‍ ഇരിട്ടി മാക്കൂട്ടം ചുരം പാതിയില്‍ കുടുങ്ങിയ ചരക്കു ലോറികള്‍ മുത്തങ്ങയിലൂടെ വഴി തിരിച്ചു വിട്ടു. ചുരം പാതയിലെ മണ്ണ് നീക്കം ചെയ്യാനാകില്ലെന്ന് കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചതോടെയാണ് പുതിയ നീക്കം. ഇതോടെ 200 കിലോമീറ്ററ്ററോളം അധികം സഞ്ചരിച്ചു വേണം ലോറികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ .

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചതോടെ അതിര്‍ത്തിഗ്രാമങ്ങളിലുള്ളവരുടെ ജീവിതം ദുരിതത്തിലായി ‍. കാസര്‍കോട് അതിര്‍ത്തിയില്‍ മിക്ക റോഡുകളും മണ്ണിട്ട് അടച്ചതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങാനോ അശുപത്രിയില്‍ പോകാനോ കഴിയാത്ത അവസ്ഥയിലാണ് . കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മാക്കൂട്ടത്ത് അതിര്‍ത്തിയില്‍ അവശ്യസാധനങ്ങളുമായി വന്ന ലോറികള്‍ കുടുങ്ങി.

അതിര്‍ത്തി കടന്നെത്തുന്ന പാല്‍ പച്ചക്കറി ലോറികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും കേരളത്തിലേക്ക് വരാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതുമാണ് അവശ്യസാധന വരവ് കുറയാന്‍ കാരണം. പൊതുവിപണിയില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേരളത്തില്‍ നിന്ന് ലോറികള്‍ വിട്ട് ലോഡ് എടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ് . കേരളത്തിലെ പതിനേഴ് ചെക്കുപോസ്റ്റുകളിലൂടെ വ്യാഴാഴ്ച വന്നത് വെറും നാല്‍പത് പാല്‍വണ്ടികള്‍ മാത്രം . കഴിഞ്ഞമാസം ഇതേസമയം എത്തിയത് 109 എണ്ണമായിരുന്നു . 1005 പച്ചക്കറി ലോറികളുടെ സ്ഥാനത്ത് 453 എണ്ണം മാത്രം . പഴങ്ങളുടെ വരവ് പകുതിയായി കുറഞ്ഞു. 329 ലോഡ് അരി വന്നിരുന്നിടത്ത് 89 ലോഡാണ് കിട്ടിയത്. എണ്ണയെത്തിയത് മൂന്നുലോഡ് മാത്രം.

കേരളത്തില്‍ ലോഡ് ഇറക്കി തിരിച്ചെത്തുന്ന വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടാത്തതാണ് ഇവിടേക്ക് വരുന്നതില്‍ നിന്ന് ഇതരസംസ്ഥാന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്നത്.കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതും മറ്റൊരു കാരണമായി . സപ്ലൈകോയും പ്രതിസന്ധിയിലാണ്. നാഫെഡില്‍ നിന്ന് ഓര്‍‍ഡര്‍ ചെയ്ത കടല ഉഴുന്ന് , ചെറുപയര്‍,തുവര തുടങ്ങിയവ എത്തിക്കാന്‍ മാര്‍ഗമില്ല. ഈ സാഹചര്യത്തില്‍ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എന്ന ആശയവും പെട്ടന്ന് നടക്കുമെന്ന് തോന്നുന്നില്ല .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top