Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ 157 ആയി; ദുരന്തത്തിൻ്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക

മിന്നല്‍ പ്രളയം: നേപ്പാളില്‍ മരണസംഖ്യ 157 ആയി; ദുരന്തത്തിൻ്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക

കാഠ്മണ്ഡു: നേപ്പാളില്‍ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയൻ അതിർത്തിയില്‍ ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 157 മരണം.

ബുധനാഴ്ച

കാഠ്മണ്ഡു: നേപ്പാളില്‍ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയൻ അതിർത്തിയില്‍ ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 157 മരണം. ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് നേപ്പാള്‍ പൊലീസ് അറിയിച്ചത്. നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌ 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഏകദേശം 340 പേർ വിദേശികളാണ്. കാണാതായവരില്‍ 133 പേർ ഇന്ത്യയില്‍ നിന്നുള്ള തീർഥാടകരാണെന്നാണ് നേപ്പാള്‍ ടൂറിസം ബോർഡ് വക്താവ് സുനില്‍ ശർമ്മയെ അറിയിച്ചത്. കാണാതായവരില്‍ 47 പേർ അമേരിക്കക്കാരും 34 പേർ ഓസ്‌ട്രേലിയക്കാരും 33 പേർ ബ്രിട്ടീഷുകാരും 24 പേർ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീർഥാടകർ വർഷംതോറും സന്ദർശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേർ തീർത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിർത്തി പ്രദേശത്ത് നിരവധി ആളുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.

കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി നുവാകോട്ട്, ധാദിങ് മേഖലകളില്‍ നിന്നുള്ള നാട്ടുകാർ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളുടെ കേന്ദ്രമായ നേപ്പാള്‍ സൈനിക പരിശീലന കേന്ദ്രത്തിന് മുന്നില്‍ തടിച്ചുകൂടി. വൈദ്യുതിയില്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകളുടെ വെളിച്ചം മാത്രം ഉപയോഗിച്ചാണ് പൊലീസ് കാണാതായവരുടെ പേരുകള്‍ രേഖപ്പെടുത്തിയത്. ജലവൈദ്യുത സംവിധാനങ്ങള്‍ തകർന്നതിനെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. ദുരന്തബാധിത മേഖലകളില്‍ വീടുകളും മരങ്ങളും വാഹനങ്ങളും മണ്ണിലും വെള്ളത്തിലും മുങ്ങുകയോ മണ്ണിനടിയില്‍പ്പെടുകയോ ചെയ്തിട്ടുണ്ട്. ദിവസം മുഴുവൻ ഹെലികോപ്റ്ററുകള്‍ പ്രദേശത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് നിരവധി ആളുകള്‍ രക്ഷപ്പെടാൻ ഓടുന്ന നേപ്പാള്‍-ടിബറ്റ് അതിർത്തിയിലെ ചൈനീസ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ പാറകളും മണ്ണും വെള്ളവും ചേർന്ന കുത്തൊഴുക്കില്‍ കെട്ടിടങ്ങളും വാഹനങ്ങളും തകരുന്നതും നിരവധി പേരെ ഒഴുക്കിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുരക്ഷാ ക്യാമറ ദൃശ്യത്തിലുള്ള സമയത്തിന് ഏകദേശം ഏഴ് മിനിറ്റ് മുമ്പ് 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു എന്നാണ് ജർമൻ റിസർച്ച്‌ സെന്റർ ഫോർ ജിയോസയൻസസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടർന്ന് ഇന്ത്യയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ബിഹാറിലെ ആറ് ജില്ലകളില്‍ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആകെ 10,000 മുതല്‍ 12,000 വരെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online