കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത് - പളനി - പോടന്നൂർ സ്പെഷ്യല്‍
നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള തീർത്ഥാടകർക്ക് പളനിയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ അമൃത എക്സ്പ്രസ് മാത്രമാണ് ആശ്രയമായിരുന്നത്. എന്നാല്‍ ആ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യത വലിയ പ്രശ്നമായി മാറിയിരുന്നു. ഇതേ തുടർന്ന് കോട്ടയം അല്ലെങ്കില്‍ കൊല്ലം സ്റ്റേഷനുകളില്‍ നിന്ന് പുനലൂർ, മധുര, പളനി വഴി പോടന്നൂർ, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിലേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം എംപി റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചർച്ചയായി. കോട്ടയം, കൊല്ലം സ്റ്റേഷനുകളില്‍ ആവശ്യമായ മെയിന്റനൻസ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം നോർത്തില്‍ നിന്ന് സർവീസ് ആരംഭിച്ച് അവിടെത്തന്നെ മെയിന്റനൻസ് നടത്തണമെന്ന നിർദേശം മുന്നോട്ടുവന്നു. കോയമ്പത്തൂർ, ഈറോഡ് സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ലഭ്യതക്കുറവ് നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സൗകര്യമുള്ള പോടന്നൂർ അല്ലെങ്കില്‍ മേട്ടുപ്പാളയം സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കാൻ തത്വത്തില്‍ തീരുമാനിക്കുകയായിരുന്നുവെന്നും എംപി വിശദീകരിച്ചു.
കേരളത്തില്‍ നിന്ന് പളനിയിലേക്കുള്ള തീർത്ഥാടന യാത്രകള്‍ക്കും കോയമ്പത്തൂർ, ഈറോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള വ്യാപാര ആവശ്യങ്ങള്‍ക്കും ഏറെ പ്രയോജനകരമായ രീതിയില്‍ പുനലൂർ-മധുര റൂട്ടിലൂടെ എല്‍എച്ച്‌ബി കോച്ചുകളോടുകൂടിയ ട്രെയിൻ സർവീസ് ആദ്യമായി യാഥാർഥ്യമാകുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ആദ്യഘട്ടത്തില്‍ പ്രതിവാര സർവീസായി ട്രെയിൻ ഓടിക്കണമെന്നാണ് റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവില്‍ രണ്ട് സർവീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്
അതേസമയം, കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നത് പ്രതിഷേധാർഹമാണെന്ന് കൊടുക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. ചെങ്കോട്ടയില്‍ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകള്‍ ലഭ്യമായ സാഹചര്യത്തില്‍ മലയാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രീതിയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രെയിനിന്റെ യാത്രാമധ്യേ കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ബോർഡിലെ പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ, സി.പി.ടി.എം. എന്നിവരുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
കൂടാതെ, അധിക സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോർഡ് ചെയർമാനും കത്തയച്ചിട്ടുണ്ടെന്നും നിലവില്‍ പ്രഖ്യാപിച്ച രണ്ട് സർവീസുകള്‍ക്ക് ശേഷവും ട്രെയിൻ സർവീസ് സ്ഥിരമായി തുടരണമെന്ന ആവശ്യവും ശക്തമായി മുന്നോട്ടുവച്ചിട്ടുണ്ടെന്നും കൊടുക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

