സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പസഫിക് മഹാസമുദ്രത്തിലെ 'ഡോള്‍ഫിൻ'
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസഫിക് മഹാസമുദ്രത്തിലെ 'ഡോള്‍ഫിൻ' ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സംയുക്ത സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതല്‍ ശക്തമാകാൻ സാധ്യതയുള്ളത്. മലയോര മേഖലകളില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ മഴമുന്നറിയിപ്പുകള്‍ തുടരും.
കനത്ത മഴക്കെടുതികളില്‍ ഇതുവരെ സംസ്ഥാനത്ത് 26 പേർ ജീവൻ നഷ്ടപ്പെട്ടു. ദുരിതബാധിതർക്കായി സംസ്ഥാനത്തുടനീളം 462 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ 27,048 ആളുകളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. മഴക്കെടുതി മൂലം ഇതുവരെ 67.44 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ 53 വീടുകള്‍ പൂർണ്ണമായും, 588 വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്. ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനെത്തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്.
ദുരന്തബാധിതർക്കുള്ള ധനസഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതവും, വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ വീതവും സർക്കാർ സഹായം നല്‍കും.

