ജയ്പുര്‍: പേനയ്ക്ക് വേണ്ടിയുണ്ടായ വഴക്കിനെ തുടര്‍ന്ന് സഹപാഠി 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. പായല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ജയ്പൂരിലെ ചക്‌സു എന്ന സ്ഥലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തു.കൊലപാതകം മറച്ചുവെച്ചതും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് മൂവര്‍ക്കുമെതിരെ നടപടി.
പായല്‍ എന്ന പെണ്‍കുട്ടിയെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്തുനിന്ന് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ പായലിന്റെ സഹപാഠികളെയും അധ്യാപകരെയും ചോദ്യം ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന പരീക്ഷയ്ക്കിടെ പായലും മറ്റൊരു പെണ്‍കുട്ടിയും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു. പായലിന്റെ പേന സഹപാഠിയായ പെണ്‍കുട്ടി എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പായലിനെ കളിയാക്കി. സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയും പായലിനെ അധിക്ഷേപിച്ചു. നിശബ്ദയായി പരീക്ഷ എഴുതിയ പായല്‍ വീട്ടിലേക്ക് മടങ്ങി. സഹപാഠിയുടെ അധിക്ഷേപത്തില്‍ അതീവ ദുഃഖിതയായിരുന്നു പായല്‍.
വീട്ടില്‍ നിന്ന് സഹപാഠിയുടെ വീട്ടിലേക്ക് പായല്‍ ചെന്നു. ഈ സമയം പെണ്‍കുട്ടി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ വെച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടി ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് പായലിനെ തല്ലി കൊന്നു. ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടു. സംഭവങ്ങള്‍ പെണ്‍കുട്ടി അമ്മയോടും സഹോദരനോടും വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പായലിന്റെ ശരീരം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി.
പിന്നീട് സംഭവങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അറിയിച്ചു. അച്ഛന്റെ സഹായത്തോടെ മൃതദേഹം കുളത്തില്‍ നിന്ന് എടുത്ത് സ്‌കൂളിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതിരുന്നാല്‍ തന്റെ മകള്‍ക്ക് ശാപം ലഭിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കള്‍ മൃതദേഹം കുളത്തില്‍ നിന്ന് എടുത്തത്.

