Dailyhunt
പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ പരിചയപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പോള്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ആപ്പിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. എന്‍.ഐ.സി ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി.പവനന്‍, പെരിന്തല്‍മണ്ണ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ വേണുഗോപാല്‍ എന്നിവര്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനമാണ് പൂര്‍ത്തിയായത്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കുന്നതിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ദിവസവും അതിന് തലേ ദിവസവുമാണ് പോള്‍ മാനേജര്‍ ഉപയോഗിക്കുക. വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നതു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി തിരിച്ച്‌ ഏല്‍പ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടിങ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാം. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിങ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാനാവുക. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്ബര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭിക്കും. ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ട ചുമതല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online