Dailyhunt
പുകവലിയില്ല, മദ്യപാനമില്ല,ചൂതാട്ടമില്ല, സസ്യാഹാരി; ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനി

പുകവലിയില്ല, മദ്യപാനമില്ല,ചൂതാട്ടമില്ല, സസ്യാഹാരി; ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനി

ലണ്ടന്‍ : കടക്കെണിയിലായിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമര്‍ശം നിഷേധിച്ച്‌ അനില്‍ അംബാനി. വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്. 700 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ചൈനീസ് ബാങ്കുകള്‍ ആവശ്യപ്പെട്ടത്.

മാരത്തണ്‍ ഓട്ടക്കാരനാണെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും ചൂതാട്ടക്കാരനല്ലെന്നും ലണ്ടന്‍ കോടതി മുന്‍പാകെ അനില്‍ അംബാനി പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ വിശാലമല്ല, ജീവിതരീതി വളരെ അച്ചടക്കമുള്ളതാണ്. സസ്യാഹാരിയാണെന്നും പുറത്തുപോകുന്നതിനു പകരം കുട്ടികള്‍ക്കൊപ്പം വീട്ടില്‍ത്തന്നെയിരുന്നു സിനിമ കാണുന്നതിനാണു താല്‍പ്പര്യമെന്നും അനില്‍ പറഞ്ഞു.

തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള മുന്‍കാലത്തേതും ഇപ്പോഴത്തേതും ഭാവിയിലേതുമായ എല്ലാ കാര്യങ്ങളും പൂര്‍ണമായും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അംബാനി കോടതി നടപടികളില്‍ പങ്കെടുത്തത്. തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി നേരത്തെ പറഞ്ഞിരുന്നു. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന് വേണ്ടിയാണ് പേഴ്‌സണല്‍ ഗ്യാരന്റിയില്‍ ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിക്ക് വായ്പ നല്‍കിയത്. വായ്പ തിരിച്ചടക്കാതിരിക്കാന്‍ അനില്‍ അംബാനി പല്ലും നഖവും ഉപയോഗിച്ച്‌ പോരാടുകയാണെന്നും ബാങ്കുകളുടെ വക്കീല്‍ പറഞ്ഞു.

കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി പറഞ്ഞിരുന്നു. 2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല. ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു. എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു.

3 ചൈനീസ് ബാങ്കുകളില്‍നിന്ന് 71.7 കോടി ഡോളര്‍ (5,284 കോടി രൂപ) വായ്പയെടുത്തതു തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള കേസില്‍ യുകെയിലെ കോടതിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ സഹോദരന്റെ വാദം. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് - ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവരില്‍നിന്നാണ് കടമെടുത്തത്.

2012 ലാണ് ഈ ബാങ്കുകള്‍ വ്യക്തിജാമ്യത്തില്‍ അനില്‍ അംബാനിക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ 2017 മുതല്‍ തിരിച്ചടവു മുടങ്ങുകയായിരുന്നു. അനില്‍ 5,821 കോടിരൂപ തിരിച്ചടയ്ക്കണമെന്നും കോടതിച്ചെലവായി 7 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടതു പാലിക്കാഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആസ്തി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online