Friday, 18 Oct, 11.21 pm മലയാളം എക്സ്പ്രെസ്സ്

കേരളം
പുന്നൂസ് കുര്യന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍‌

തിരുവനന്തപുരം സ്വദേശിയായ പുന്നൂസ് കുര്യന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍‌സില്‍ ആവശ്യപ്പെട്ടു. നാല് വര്‍ഷം മുമ്ബ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പുന്നൂസ് കുര്യന്‍ തിരുവനന്തപുരം ഭദ്രാസനത്തിലെ മുന്‍ മെത്രോപ്പോലീത്ത ​ഗീവര്‍​ഗീസ് മാര്‍ ദീയെസ്കോറസ് തിരുമേനിയുടെ ഭൂമി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിച്ചെടുത്ത കേസിലെ മുഖ്യസാക്ഷിയായിരുന്നു. തിരുമേനിയുടെ പേരിലുണ്ടായിരുന്ന പാങ്ങപ്പാറ വില്ലേജിലെ മണ്‍വിളയിലുള്ള 50 സെന്റ് ഭൂമി സഭയിലെ വൈദികന്റെ സഹായത്തോടെ തമിഴ്നാട് സ്വദേശി കരുണാകനെ ഉപയോ​ഗിച്ച്‌ വ്യാജ ഒസ്യത്ത് ഉണ്ടാക്കി തട്ടിച്ചെടുത്തത് വിവാദമായിരുന്നു. ഈ വൈദികനും കരുണാകരനും ഒരേ നാട്ടുകാരാണ്. ഭദ്രാസന പൊതുയോഗം മീറ്റിങ്ങില്‍ വച്ച്‌ ബാംഗ്ലൂരില്‍ പ്രമുഖവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ മാനേജിങ്ങ് കമ്മറ്റി അംഗം പുന്നൂസ് കുര്യനെതിരെ വധഭീഷണി മുഴക്കുകയും ഇരുവരും തമ്മില്‍ കയ്യാങ്കളി നടന്നതിനും സാക്ഷികളുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും പുന്നൂസ് വഴങ്ങിയില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പുന്നൂസ് കുര്യന്‍ ദുരൂഹസാഹചര്യത്തില്‍ വാഹനമിടിച്ച്‌ അത്യാഹിതനിലയില്‍ കാണപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. തിരുവനന്തപുരം ന​ഗരമധ്യത്തില്‍‌ നടന്ന ഈ അപകടത്തില്‍ പുന്നൂസ് കുര്യനെ കൊലപ്പെടുത്തിയ വാഹനത്തെയും കൊലയാളിയെയും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതും ദുരൂഹമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വര്‍​ഗീസ് തോമസ് പറഞ്ഞു.

കൂടത്തായി കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ വ്യാജ ഒസ്യത്തുവഴി സ്ഥലം തട്ടിയെടുത്തു വില്‍ക്കാന്‍ ശ്രമിച്ച ഉന്നതര്‍ക്കും ഭദ്രാസന വൈദികനുമെതിരെ അന്വേഷണം ശക്തമാക്കണമെന്നും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത് യഥാര്‍ത്ഥപ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഇതിനായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top