Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടാമത് മാക്ട- രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു

രണ്ടാമത് മാക്ട- രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു

>>>> പാഷനും അറിവും മറ്റാർക്കും കവർന്നെടുക്കാൻ കഴിയില്ലെന്ന് ജൂഡ് ആന്റണി കൊച്ചി: മാക്ടയും രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ്

>>>> പാഷനും അറിവും മറ്റാർക്കും കവർന്നെടുക്കാൻ കഴിയില്ലെന്ന് ജൂഡ് ആന്റണി

കൊച്ചി: മാക്ടയും രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജഗിരി ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്തു. പാഷനും സ്വന്തമായി ആർജിച്ചെടുത്ത അറിവും മറ്റാർക്കും തട്ടിയെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ നമ്മളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുമ്പോള്‍ അതില്‍ തളർന്നു പോകാതെ, ആ വാക്കുകളെ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമായി മാറ്റിയെടുക്കാൻ വിദ്യാർത്ഥികള്‍ക്ക് സാധിക്കണം. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള സംവിധായകർ ഒരുക്കുന്ന സിനിമകള്‍ കാണാൻ പ്രേക്ഷകർക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഫിലിം ഫെസ്റ്റിവല്‍. സിനിമയെ ഗൗരവമായി കാണുന്ന ഒട്ടേറെപ്പേർ ഈ വ്യവസായത്തിലുണ്ട്. താൻ ഇപ്പോഴും സിനിമയെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെന്നും അദ്ദേഹം വ്യക്തമാക്കി

രാജഗിരി കോളജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകനും നടനുമായ മധുപാല്‍, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, പ്രിൻസിപ്പാള്‍ ഡോ. ലാലി മാത്യു, ഫെസ്റ്റിവല്‍ കണ്‍വീനറും ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗം മേധാവിയുമായ രഞ്ജു എ.സി, കണ്‍വീനറും മാക്ട എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ബാബു പള്ളാശേരി എന്നിവർ പങ്കെടുത്തു.

ജോണ്‍ പോളിന്റെ പുസ്തകങ്ങള്‍ മാക്ടയ്ക്കും രാജഗിരിക്കും കൈമാറി

ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ അന്തരിച്ച പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ജോണ്‍ പോളിന്റെ അനുസ്മരണവും നടന്നു. ചടങ്ങില്‍ അദ്ദേഹം രചിച്ച അമൂല്യ പുസ്തകങ്ങളുടെ ശേഖരം മകള്‍ ജിഷ ജോണ്‍ മാക്ടയ്ക്കും രാജഗിരി കോളജിനുമായി കൈമാറി. സംവിധായകൻ മധുപാലാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗമാകാൻ കാരണങ്ങളില്‍ ഒന്ന് ജോണ്‍ പോളായിരുന്നുവെന്ന് മധുപാല്‍ അനുസ്മരിച്ചു. ചാമരം ഉള്‍പ്പെടെ മലയാളത്തിന് സമ്മാനിച്ച നിരവധി സിനിമകളിലൂടെ ജോണ്‍ പോള്‍ എന്ന പ്രതിഭ ഇന്നും സജീവമായി നമ്മുടെ ഇടയിലുണ്ട്. നിരവധിയാളുകളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഓരോ സിനിമയെന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ കാണുവാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘തിയേറ്റർ’ അനുഭവം വിദ്യാർത്ഥികളുമായി പങ്കുവെച്ച്‌ റിമ കല്ലിങ്കലും സജിൻ ബാബുവും

രാജഗിരി ഫിലിം ഫെസ്റ്റിവലില്‍ ആദ്യ ദിനം പ്രദർശിപ്പിച്ച്‌ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ വിദ്യാർത്ഥികളുമായി പങ്കുവെച്ച്‌ സംവിധായകൻ സജിൻ ബാബുവും നടി റിമ കല്ലിങ്കലും. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ജോണ്‍ പോള്‍ നഗറില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഇരുവരും സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ചിത്രീകരണ വേളയില്‍ റിമ കല്ലിങ്കല്‍ നടത്തിയ കഠിനാധ്വാനത്തെ സംവിധായകൻ സജിൻ ബാബു ഓപ്പണ്‍ ഫോറത്തില്‍ പ്രശംസിച്ചു. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂർത്തിയാക്കിയതെന്നും, ചിത്രത്തിലെ സുപ്രധാന രംഗങ്ങളില്‍ റിമ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ കുറവായിരുന്നിട്ടും വളരെ ധൈര്യത്തോടെയാണ് റിമ തെങ്ങിന്റെ മുകളില്‍ കയറിയുള്ള പ്രധാന സീൻ പൂർത്തിയാക്കിയതെന്ന് സജിൻ ബാബു വ്യക്തമാക്കി. റഷ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രദർശിപ്പിച്ച ചിത്രം ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തിയേറ്റർ’ സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ നടി റിമ കല്ലിങ്കല്‍ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഒറ്റപ്പെട്ട ഒരു ദ്വീപില്‍ ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മയുടെയും മകളുടെയും കഥയാണിത്. തനിയെ തെങ്ങില്‍ കയറിയിടുന്ന തേങ്ങയും , വാഴക്കുലയുമെല്ലാം സ്വന്തമായി വഞ്ചി തുഴഞ്ഞ് അക്കരെ കൊണ്ടുപോയി വിറ്റാണ് ഇവർ ജീവിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ് പരമാവധി സ്വാഭാവികമായി നിലനിർത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ ലൊക്കേഷനില്‍ എത്തിയിരുന്ന അശോകൻ എന്ന നാട്ടുകാരനില്‍ നിന്നാണ് അനായാസം തെങ്ങില്‍ കയറാനുള്ള ടെക്നിക്കുകള്‍ ഞാൻ പഠിച്ചെടുത്തത്,” റിമ വ്യക്തമാക്കി.ചർച്ചയില്‍ അഭിനേത്രികളായ അശ്വതി, ആശ അരവിന്ദ്, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട എക്സിക്യൂട്ടീവ് അംഗം ബാബു പള്ളാശേരി എന്നിവരും പങ്കെടുത്തു.

ആദ്യ ദിനം പ്രദർശിപ്പിച്ചത് മൂന്ന് ചിത്രങ്ങള്‍

ഒക്ടോബർ 15 വരെ നീളുന്ന മേളയുടെ ആദ്യ ദിനം ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’, ‘ആദി സ്നേഹത്തിന്റെ വിരുന്നുമേശ’, ‘ഭൂതലം’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നടന്മാരായ ശ്രീനിവാസൻ, സലിം കുമാർ എന്നിവരുടെ പേരിലുള്ള രണ്ട് വേദികളിലായാണ് സിനിമകളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. രണ്ടാം ദിനമായ ഇന്ന് രണ്ടാം ദിനം നിഴലാഴം, ചാവുകല്യാണം, അനന്തതയിലേക്ക് (ഡോക്യുമെന്ററി), ശേഷിപ്പുകള്‍, ഖിഡ്കി ഗാവ് (ഹിന്ദി), കോലാഹലം എന്നീ ചിത്രങ്ങള്‍ പ്രദർശിപ്പിക്കും.

Photo caption: രണ്ടാമത് മാക്ട-രാജഗിരി ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു. രാജഗിരി കോളജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ,മാക്ട ചെയർമാൻ ജോഷി മാത്യു, ജോണ്‍ പോളിന്റെ മകള്‍ ജിഷ ജോണ്‍,സംവിധായകൻ മധുപാല്‍,പ്രിൻസിപ്പാള്‍ ഡോ. ലാലി മാത്യു, മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി,കോളജ് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗം മേധാവി രഞ്ജു എ.സി എന്നിവർ സമീപം.
—

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online