തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയെ ഡിജിറ്റല്‍ സര്‍വ്വകലാശാലയായി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല. ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, ഓഗ് മെന്‍ഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും.

