Sunday, 20 Sep, 7.48 pm മലയാളം എക്സ്പ്രെസ്സ്

കേരളം
സന്തോഷം പങ്കിട്ടും വിശേഷം പറഞ്ഞും കുടുംബ ശ്രീയുടെ ഓണ്‍ലൈന്‍ കൂട്ടായ്മ

എറണാകുളം: ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍്റെ മുഖം ലൈവായി തന്‍്റെ മൊബൈലിലെത്തിയപ്പോള്‍ അമ്മിണി ചേച്ചിക്ക് സന്തോഷമടക്കാനായില്ല. തന്‍്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് ചേച്ചി. അമ്മിണി ചേച്ചിക്ക് മാത്രമല്ല ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത അന്നമ്മയും ഖദീജുമ്മയും വിജയമ്മയുമെല്ലാം ഓണ്‍ലൈനായി എല്ലാവരെയും കാണാന്‍ കഴിഞ്ഞതിന്‍്റെയും വിശേഷങ്ങള്‍ പങ്കിടാനായതിന്‍്റെയും സന്തോഷത്തിലാണ്. സാങ്കേതിക തകരാറുകളോ തടസങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും ശരിയായി ആശയവിനിമയം നടത്താനും കുടുംബശ്രീ ഒരുക്കിയ " ഓര്‍മ്മപ്പൂക്കള്‍ " ഓണ്‍ലൈന്‍ കൂട്ടായ്മ വഴി കഴിഞ്ഞു.

വരാനിരിക്കുന്ന മൂന്ന് നാല് മാസങ്ങള്‍ വളരെ ശ്രദ്ധയോടെ നീങ്ങണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. റിവേഴ്സ് ക്വാറൈന്‍റന്‍്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഏതാവശ്യങ്ങളും അറിയിക്കാമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് കാലഘട്ടത്തില്‍ മാതൃകാ പരമായ പല പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച എറണാകുളം ജില്ല കുടുംബശ്രീ മിഷന്‍്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

കവളങ്ങാട് പഞ്ചായത്തിലെ 70 വയസ്സിന് മുകളിലുള്ള 12 പേരുടെ ഒത്തുചേരലാണ് ഗൂഗിള്‍ മീറ്റ് മുഖേന സംഘടിപ്പിച്ചത്. ആദ്യമായാണ് ഇവരെല്ലാം ഗൂഗിള്‍ മീറ്റ് വഴി സംവദിക്കുന്നതെന്നതാണ് പ്രത്യേകത. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ഏറെക്കാലമായി പരസ്പരം കാണാന്‍ സാധിക്കാതിരുന്ന ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം പാട്ടുകള്‍ പാടിയും തമാശകള്‍ പറഞ്ഞും അവര്‍ പങ്കു വച്ചു. ചിറ്റാട്ടുകര, കവളങ്ങാട്, രാമമംഗലം, കവളങ്ങാട് , ആമ്ബല്ലൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് കുടുംബശ്രീ ഈ പരിപാടി സംഘടിപ്പിച്ചത്. ആകെ 67 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, NHM ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്ബേലി , ഹരിത കേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ എന്നിവര്‍ വിവിധ പഞ്ചായത്തുകളില്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി.

അയല്‍ക്കൂട്ടങ്ങളുടെ ചലനാത്മത ഉറപ്പാക്കിയ സൈബര്‍ ജാലകം, മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ആവിഷ്ക്കരിച്ച ഫ്ര സ്റ്റേഷന്‍ ബോക്സ്, നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ ന്യായവില കീയോസ്ക് തുടങ്ങി കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്.

കോവിഡ് - 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ പുറത്തിറങ്ങുന്നതും മറ്റും കര്‍ശനമായി വിലക്കിയിരിക്കുകയുമാണ്. ഇത് അവരുടെ വ്യക്തി-സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. തൊട്ടടുത്ത കവല വരെയുള്ള ഒരു നടത്തവും അവിടെ നിന്നും ഒരു ചായ കുടിച്ച്‌ സുഹൃത്തുക്കളോടൊപ്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്നതും ഒട്ടെല്ലാ പുരുഷന്മാരായ മുതിര്‍ന്ന പൗരന്മാരുടെയും ദിനചര്യയുടെ ഭാഗമായിരുന്നു. മുതിര്‍ന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഉച്ച നേരങ്ങളില്‍ അയല്‍പക്കങ്ങളില്‍ ഒത്തുകൂടിയിരുന്ന് വര്‍ത്തമാനം പറയുന്നതും, ആരാധനാലയങ്ങളില്‍ ഒരുമിച്ച്‌ പോകുന്നതും എല്ലാം സാമൂഹിക ഒത്തുചേരലിന് ഉള്ള ഇടങ്ങള്‍ ആയിരുന്നു. കൂടാതെ കുടുംബശ്രീ വയോജനങ്ങള്‍ക്കായി ആവിഷ്കരിച്ച്‌ നടപ്പിലാക്കിവന്ന വയോജന അയല്‍ക്കൂട്ടങ്ങളും ഇപ്പോള്‍ ചേരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ഈ പശ്ചാതലത്തില്‍ പുതുതലമുറ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഈ ഒറ്റപ്പെടല്‍ മറികടക്കാനും സൗഹൃദങ്ങള്‍ പങ്കിടാനുമുള്ള വേദിയായാണ് *ഓര്‍മ്മപ്പൂക്കള്‍* എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സാങ്കേതിക പരിജ്ഞാനക്കുറവു മൂലം പലര്‍ക്കും ഇതിനു കഴിയാറില്ല. അത്തരത്തില്‍ ഒരു ഒത്തുചേരലാണ് കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്കിന്റെ സാങ്കേതിക സഹായത്തോടെ ആവിഷ്കരിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top