പുരാതന നാണയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ദക്ഷിണേന്ത്യന്‍ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. പി.എം.ജിയിലെ പ്ലാനറ്റോറിയം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഹാളില്‍ നടക്കുന്ന സമ്മേളനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മനുഷ്യ പരിണാമത്തിന്റേയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയാണ് നാണയശാസ്ത്ര പഠനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ശ്രീപാദം കൊട്ടാരത്തെ നാണയ മ്യൂസിയവും പഠനകേന്ദ്രവുമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ബൃഹത്തായ നാണയനിധി ശേഖരമാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പക്കലുള്ളത്.
സൗത്ത് ഇന്ത്യന്‍ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാണയ ഗവേഷണ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സൊസൈറ്റിയുടെ ജേര്‍ണല്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. നാണയശാസ്ത്ര രംഗത്തെ വിദഗ്ധരായ ഡോ. എം.ഡി. സമ്ബത്ത്, ഡോ. എ.വി. നരസിംഹ മൂര്‍ത്തി, ഡോ. ടി. സത്യമൂര്‍ത്തി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ പൗരാണിക നാണയങ്ങളെക്കുറിച്ചുള്ള പുതിയ പഠന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചകളും നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം പ്രതിനിധികള്‍ സംബന്ധിച്ചു. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍. സോന തുടങ്ങിയവര്‍ സംബന്ധിച്ചു. പുരാവസ്തു വകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

