Saturday, 25 Sep, 4.57 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ശത്രുത ആദ്യം അവസാനിപ്പിക്കണം ; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം ശരിവെച്ച്‌ കിം യോ ജോങ്

പ്യോംങ്യാംങ്: ഇരു കൊറിയകള്‍ക്കിടയില്‍ സാങ്കേതികമായി തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം പ്രശംസനീയമാണെന്ന് കിം യോ ജോങ്. എന്നാല്‍ ശത്രുതാപരമായ നയങ്ങള്‍ ആദ്യം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരിയും പ്രധാന നയഉപദേഷ്ടാവുമായ കിം യോ ജോങ് പറഞ്ഞു. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് കിം യോ ജോങ്ങിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

1950-53 കാലഘട്ടത്തിലെ സംഘര്‍ഷം സമാധാന ഉടമ്ബടി കൂടാതെ അവസാനിച്ചതിനാല്‍ ഉത്തര -ദക്ഷിണ കൊറിയകളും സാങ്കേതികമായി അരനൂറ്റാണ്ടിലേറെയായി യുദ്ധത്തില്‍ തന്നെയാണെന്നും ഇത് ഔദ്യോഗികമായി അവസാനിപ്പിക്കണമെന്നുമായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പ്രഖ്യാപിച്ചത് .കഴിഞ്ഞ ആഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്

“യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം നിര്‍ദേശിക്കുന്നത് പ്രശംസനീയമായ ആശയമാണ്. എന്നാല്‍ ദക്ഷിണ കൊറിയ ആദ്യം ശത്രുതാപരമായ മനോഭാവം അവസാനിപ്പിക്കണം. മുന്‍വിധിയും ശത്രുതാപരമായ നയവും ഉപയോഗിച്ച്‌ ഇത്തരം പ്രസ്താവന നടത്തുന്നതില്‍ അര്‍ത്ഥമില്ല -“കിം യോ ജോങ് മറുപടി നല്‍കി.

അതെ സമയം ഈ മാസം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിനെ പ്രകോപനപരമെന്നാണ് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചിരുന്നത്.

The post ശത്രുത ആദ്യം അവസാനിപ്പിക്കണം ; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം ശരിവെച്ച്‌ കിം യോ ജോങ് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top