ഉത്തർപ്രദേശിലെ ബന്ദ ജില്ല ഇപ്പോള്‍ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച
ഉത്തർപ്രദേശിലെ ബന്ദ ജില്ല ഇപ്പോള്‍ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. രാജസ്ഥാനിലെ ചുരു, ജയ്‌സാല്‍മീർ തുടങ്ങിയ മരുഭൂമി പ്രദേശങ്ങളെക്കാള്‍ തീവ്രമായ ചൂടാണ് ഇപ്പോള്‍ ബന്ദയില്‍ അനുഭവപ്പെടുന്നത്. മെയ് മാസത്തില്‍ 48.2 ഡിഗ്രി സെല്‍ഷ്യസിലെത്തിയ താപനില ബന്ദയില്‍ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. രാവിലെ 10 മണി കഴിഞ്ഞാല്‍ നഗരത്തിലെ റോഡുകള്‍ വിജനമാകുന്ന സ്ഥിതിയാണുള്ളത്.
ദുരിതക്കയത്തില്‍ ജനജീവിതം
കഠിനമായ ചൂട് കാരണം ബന്ദയിലെ തൊഴില്‍ രീതികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കർഷകർ പകലിലെ പൊള്ളുന്ന വെയില്‍ ഒഴിവാക്കാൻ രാത്രികാലങ്ങളില്‍ എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചത്തിലാണ് ഇപ്പോള്‍ പാടങ്ങളില്‍ പണിയെടുക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജോലി ചെയ്യാൻ തൊഴിലാളികള്‍ വിസമ്മതിക്കുന്നു. കൂലിയുടെ 40 ശതമാനം വരെ നഷ്ടപ്പെടുത്തിയാലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാൻ അവർ തയ്യാറാണ്. ഉച്ചസമയങ്ങളില്‍ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലകള്‍ ഇപ്പോള്‍ സൂര്യാസ്തമയത്തിന് ശേഷമാണ് തുറക്കുന്നത്. ട്രാൻസ്‌ഫോർമറുകള്‍ കേടാകാതിരിക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ ജില്ലയിലെ ആയിരത്തിലധികം ട്രാൻസ്‌ഫോർമറുകളില്‍ നിരന്തരം വെള്ളം ഒഴിച്ച് തണുപ്പിക്കേണ്ട അവസ്ഥയുമുണ്ട്.
'ഹീറ്റ് ഐലൻഡ്' ആകുന്ന ബന്ദ
കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, ദശാബ്ദങ്ങളായി നടക്കുന്ന വനനശീകരണവും പരിസ്ഥിതി നാശവുമാണ് ബന്ദയെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 1991 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബന്ദയിലെ ഇടതൂർന്ന വനമേഖലയുടെ ആറിലൊന്ന് ഭാഗവും നഷ്ടപ്പെട്ടു. വനഭൂമി കയ്യേറിയുള്ള കൃഷിയും, വിന്ധ്യൻ പർവതനിരകളിലെ അനിയന്ത്രിതമായ ഖനനവും ഭൂഗർഭജല സംവിധാനത്തെ തകിടം മറിച്ചു. കൂടാതെ കെൻ നദിയില്‍ നിന്നുള്ള നിയമവിരുദ്ധമായ മണല്‍ ഖനനം ജലനിരപ്പ് ഗണ്യമായി കുറച്ചു. പകല്‍ മുഴുവൻ ചൂട് ആഗിരണം ചെയ്യുകയും രാത്രിയിലും അത് നിലനിർത്തുകയും ചെയ്യുന്ന ഒരു 'ഹീറ്റ് ഐലൻഡ്' ആയി ബന്ദ മാറിയിരിക്കുന്നു. ഇതേ അവസ്ഥ തുടർന്നാല്‍, വരും വർഷങ്ങളില്‍ ബന്ദ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത സ്ഥലമായി മാറുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

