Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം:കരട് വിജ്ഞാപനം നേരെ വിപരീതം

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം:കരട് വിജ്ഞാപനം നേരെ വിപരീതം

കൊച്ചി : വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് എന്ന പേരില്‍ ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം വൈപ്പിൻ റൂട്ടിനെ ദേശസാത്കരിക്കാനുള്ളതാണെന്ന് സെൻ്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്‌ (സിപിപിആര്‍) അറിയിച്ചു.

2023 മെയ് 17നാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തില്‍ എവിടെയും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച്‌ ഒരു പരാമര്‍ശവുമില്ല, മറിച്ച്‌ വൈപ്പിൻ പാത ദേശസാത്കരിക്കാനുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അങ്ങനെ വന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് ആ റൂട്ടില്‍ വിജ്ഞാപനത്തിനു വിരുദ്ധമായി സര്‍വീസ് നടത്താൻ കഴിയാതെ വരും. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കാലാവധി കഴിയും വരെ സര്‍വീസ് നടത്താം. പുതിയ പെര്‍മിറ്റുകള്‍ക്ക് തടസ്സം നേരിടും.

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലെ റൂള്‍ 236നൊപ്പം മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ സെക്ഷൻ 99ന് കീഴിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം, വൈപ്പിൻകരയ്ക്ക് മാത്രമായി ഒരു റോഡ് ഗതാഗത പദ്ധതി സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം. മറ്റ് ഓപ്പറേറ്റര്‍മാരെ പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കിക്കൊണ്ട് ഒരു പ്രത്യേക പ്രദേശത്ത് സംസ്ഥാന ഗതാഗത സ്ഥാപനങ്ങള്‍ക്ക് (ഇവിടെ KSRTC)മാത്രമായി പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നതാണ് ഈ നിയമം. അങ്ങനെ വരുമ്ബോള്‍ കാലക്രമേണ സംസ്ഥാന ഗതാഗത സ്ഥാപനമായ കെ.എസ്.ആര്‍.ടിസിക്ക് മാത്രമാകും വൈപ്പിൻ പാതയില്‍ സര്‍വീസ് നടത്താൻ സാധിക്കുക.

പൊതുതാല്‍പര്യം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വിജ്ഞാപനം സര്‍ക്കാരിന് പുറത്തിറക്കാൻ കഴിയു. എന്നാല്‍ ഇവിടെ പൊതുതാല്‍പര്യം എന്നത് സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണെന്നിരിക്കെ, ‘കാര്യക്ഷമവും പര്യാപ്തവുമായ ഗതാഗത സംവിധാനം’ ഉറപ്പാക്കാനുള്ളത് എന്ന് മാത്രമാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്. സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണ് ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം വിജ്ഞാപനത്തില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. പകരം വൈപ്പിൻ, ചെറായി മേഖല അടക്കമുള്ള രണ്ട് റൂട്ടുകള്‍ ദേശസാത്കരിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാണ്.

ദേശസാത്കരിക്കുന്ന റൂട്ടുകള്‍
റൂട്ട് 1: പറവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻ്റ് മുതല്‍ ചെറായി, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട് ജംഗ്ഷൻ, എറണാകുളം ജെട്ടി, കടവന്ത്ര വഴി വൈറ്റില ഹബ് വരെയുള്ള 36 കിലോമീറ്റര്‍.
റൂട്ട് 2: പറവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻ്റ് മുതല്‍ കൂനമ്മാവ്, ചേരാനെല്ലൂര്‍, കണ്ടെയ്നര്‍ റോഡ്, ഹൈക്കോര്‍ട്ട് ജംഗ്ഷൻ, കലൂര്‍, പാലാരിവട്ടം വഴി കാക്കനാട് വരെയുള്ള 34 കിലോമീറ്റര്‍.

പറവൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനും വൈറ്റില ഹബ്ബിനുമിടയിലുള്ള റൂട്ട് ദേശസാത്കരിക്കുന്നത് എറണാകുളം നഗരത്തിലേക്കുള്ള ബസ് പ്രവേശനം സാധ്യമാക്കണമെന്ന വൈപ്പിൻ നിവാസികളുടെ ആവശ്യത്തിന് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ടി. വിജ്ഞാപനത്തിലെ റൂട്ടില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍വീസ് നടത്താനാകുന്ന പരമാവധി ദൈര്‍ഘ്യമെന്നത് 25 കിലോമീറ്ററാണ്. അങ്ങനെയെങ്കില്‍ കരട് വിജ്ഞാപനത്തിലെ സ്കീം നിലവില്‍ വന്നാല്‍ എറണാകുളം നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ തടയപ്പെടും. ചില ദേശസാത്കൃത റൂട്ടില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പൂര്‍ണ്ണമായ നിയന്ത്രണമില്ല. എന്നാല്‍ വൈപ്പിൻ വിഷയത്തില്‍, അനുവദനീയമായ 25 കിലോമീറ്റര്‍ എന്നത് മുനമ്ബം, ചെറായി, വൈപ്പിൻ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളെ ബാധിക്കും. കാരണം വൈറ്റില, കാക്കനാട് തുടങ്ങിയ പ്രദേശങ്ങളില്‍ എത്തണമെങ്കില്‍ സ്വകാര്യ ബസുകള്‍ ദേശസാത്കൃത റൂട്ടില്‍ 25 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരും. എന്നാല്‍, കരട് പദ്ധതി പ്രകാരം ഇത് അനുവദനീയമല്ല. കൂടാതെ, പറവൂരിനും ചെറായിക്കും ഇടയിലുള്ള റൂട്ടില്‍ ഇത്തരമൊരു ഇളവ് അനുവദിക്കാത്തതിനാല്‍, പറവൂരില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ക്കും നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകും. നിലവിലെ സ്വകാര്യബസുകള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാൻ പെര്‍മിറ്റ് വേരിയേഷൻ വേണം. എന്നാല്‍ വിജ്ഞാപനത്തിലെ ക്ലോസ് 19 ഇതിന് എതിരാണ്.

കരട് വിജ്ഞാപനം സ്വകാര്യ ബസുകളുടെ നഗരപ്രവേശനം അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, നിലവിലുള്ള സര്‍വീസുകള്‍ നിലക്കുന്നതിന് കാരണമാകവുകയും ചെയ്യും. ഗോശ്രീ പാലം തുറന്ന് കൊടുത്തത് മുതല്‍ വൈപ്പിൻ നിവാസികളുടെ ആവശ്യമായിരുന്നു സ്വകാര്യ ബസുകളുടെ നഗരപ്രവേശനം. ഇടക്കാലത്ത് കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ ഇറക്കി സര്‍വീസ് നടത്തിയെങ്കിലും കാര്യക്ഷമമായി സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാൻ അവര്‍ക്ക് സാധിച്ചില്ല. പുതിയ വിജ്ഞാപനത്തിന് പിന്നാലെ കെ.എസ്.ആര്‍.ടിസി വീണ്ടും സര്‍വീസ് ആരംഭിക്കുമെങ്കിലും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം എന്ന വൈപ്പിൻ നിവാസികളുടെ ആവശ്യം അപ്പോഴും നടപ്പിലാകാതെ വരും. കരട് വിജ്ഞാപനത്തിലുള്ള എതിര്‍പ്പ് സിപിപിആര്‍ സംസ്ഥാന ഗതാഗത വകുപ്പിനെ അറിയിച്ചു. കരട് വിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്‍ ജൂണ്‍ 16നകം തങ്ങളുടെ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online