2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപകളുടെ നോട്ടു നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ കള്ളപ്പണവും, വ്യാജ നോട്ടുകളും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറയിളക്കിയ പ്രഖ്യാപനം മാത്രമായിരുന്നു നോട്ടു നിരോധനം. ഇതു തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോട് പുറത്തിറങ്ങിയ രണ്ടായിരം രൂപയുടേതാണെന്ന് കണ്ടെത്തല്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ പകര്‍ത്താന്‍ കഴിയാത്ത വിധത്തിലുള്ള സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പൊളിയുന്നത്.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ മാത്രം രാജ്യത്ത് പിടികൂടിയത് രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളാണ് ഇക്കാലയളവില്‍ ആകെ പിടികൂടിയത്. അതായത് പിടിച്ചെടുത്ത അഞ്ചില്‍ ഒരു നോട്ട് കോപ്പിയടിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. നോട്ടു നിരോധന കാലത്താണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള വാദം മുന്നോട്ടു വച്ചത്.
രാജ്യത്ത് രണ്ടായിരത്തിന്റെ വ്യാജന്മാര്‍ ഏറ്റവും കൂടുതലുള്ള സ്ഥലം തമിഴ്നാടാണ്. ഏകദേശം 12,560 വ്യാജനോട്ടുകളാണ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്. 9615 നോട്ടുകള്‍ പിടിച്ചെടുത്ത പശ്ചിമബംഗാളാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ പിടികൂടിയത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ നിന്നാണ്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന 28,855 വ്യാജനോട്ടുകളാണ് ഗുജറാത്തില്‍ നിന്ന് പിടികൂടിയത്. ബംഗാളില്‍ നിന്നും 3.5 കോടി, തമിഴ്‌നാട് 2.8 കോടി, ഉത്തര്‍പ്രദേശ് 2.6 കോടി എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ഏകദേശം രാജ്യത്തെ 27 സംസ്ഥാനങ്ങളിലും വ്യാജനോട്ട് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഢ്, ദാദര്‍, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും 2018ല്‍ 2000ത്തിന്റെ ഒരു വ്യാജന്‍ പോലും പിടിച്ചെടുത്തിട്ടില്ല.

