കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ സിനിമാ സംവിധായകനെതിരെ പോക്സോ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്.
സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് സംവിധായകന്‍ ചൂഷണം ചെയ്തെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോശമായി പെരുമാറി എന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.
മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്രയ്ക്ക് എതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ആദ്യ സിനിമയുടെ സംവിധായകനാണ് സനോജ് മിശ്ര. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മോശമായി പെരുമറിയെന്ന് യുവതി പരാതി നല്‍കിയത്. ഈ കേസില്‍ മജിസ്ട്രേറ്റിന് മുന്നിലെത്തി യുവതി രഹസ്യമൊഴിയും നല്‍കി. ഈ കേസ് മധ്യപ്രദേശ് പോലീസിന് കൈമാറും. ഈ കേസ് കൂടാതെ ഒരു വിഎച്ച്‌പി നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയിലുണ്ട്. സിനിമയുടെ സംവിധായകന്‍ പത്തു തവണ മോശമായ രീതിയില്‍ തൊട്ടു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പിന്തുണച്ചില്ലെന്നും യുവതി ആരോപിച്ചു.
വ്യാജരേഖയുണ്ടാക്കിയാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ പോക്സോ കേസെടുത്തതെന്ന് യുവതിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് വ്യാജ ആധാര്‍ ഉപയോഗിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നതായും അഭിഭാഷകര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതായിരുന്നു കേസിലെ പ്രധാന ആയുധം. എന്നാല്‍ ഈ വാദത്തിന്റെ മുനയൊടിക്കുന്ന രേഖകളാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് അത് പെണ്‍കുട്ടിയുടേതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പരാതിക്കാര്‍ ശ്രമിച്ചതെന്നാണ് ആരോപണം.
ഒരു വ്യക്തിയെ തളയ്ക്കാന്‍ കുടുംബാംഗങ്ങളുടെ രേഖകള്‍ വരെ ആയുധമാക്കുന്ന രീതിയിലുള്ള ഗൂഢാലോചനയാണ് ഇവിടെ നടന്നിരിക്കുന്നത്. അഭിഭാഷകന്‍ ഉന്നയിച്ച ഏറ്റവും ശക്തമായ വാദം പെണ്‍കുട്ടിയുടെ വോട്ടവകാശമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പെണ്‍കുട്ടിയുടെ പേരുണ്ട്. 'പതിനെട്ട് വയസ് തികയാതെ എങ്ങനെയാണ് ഒരാള്‍ വോട്ടര്‍ പട്ടികയില്‍ വരിക?' എന്ന ചോദ്യത്തിന് മുന്നില്‍ പരാതിക്കാര്‍ക്ക് മറുപടിയില്ലാതാകുന്നു. ഭരണഘടനാപരമായ ഈ രേഖകള്‍ നിലനില്‍ക്കെ, പ്രായപൂര്‍ത്തിയായില്ല എന്ന വാദം കോടതിയില്‍ എത്രത്തോളം നിലനില്‍ക്കും എന്നത് കണ്ടറിയണം.
കേവലം ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി ഇതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ ധ്രുവീകരണ ശ്രമങ്ങള്‍ നടന്നതായാണ് വിലയിരുത്തല്‍. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പെണ്‍കുട്ടിയെയും കുംഭമേള ചിത്രങ്ങളെയും കരുവാക്കിയോ എന്നാണ് ഇനി തെളിയേണ്ടത്. തന്നെ വേട്ടയാടുന്നതിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന പെണ്‍കുട്ടിയുടെ പ്രസ്താവന ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. യഥാര്‍ത്ഥ രേഖകള്‍ കോടതിക്ക് മുന്നിലെത്തുമ്പോള്‍ പരാതിക്കാരുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രായത്തിന്റെ പേരില്‍ കുരുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ സ്വയം പ്രതിരോധത്തിലായിരിക്കുകയാണ്. കേസ് മധ്യപ്രദേശിലേക്ക് മാറുന്നതോടെ ദേശീയ തലത്തിലും ഈ വിവാദം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

