Dailyhunt
'അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റ് ഞെട്ടിക്കുന്നില്ല, നടപടികള്‍ വെറും 'പെര്‍ഫോമന്‍സ്': രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

'അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റ് ഞെട്ടിക്കുന്നില്ല, നടപടികള്‍ വെറും 'പെര്‍ഫോമന്‍സ്': രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്.

രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ഇതൊരു ആവര്‍ത്തനമാണെന്നും താരം പറഞ്ഞു. മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവരെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു വാര്‍ത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ലെന്നും പാര്‍വതി പറഞ്ഞു.

മറ്റൊരു സാഹചര്യത്തില്‍ കരീന കപൂര്‍ പറഞ്ഞ 'തക് ഗയി മേം' (ഞാന്‍ മടുത്തുപോയി) എന്ന വാചകം കടമെടുത്താണ് പാര്‍വതി സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ വിശേഷിപ്പിച്ചത്. 'ശരിക്കും ഞാന്‍ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ഒപ്പം ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം... ഇതിനിടയില്‍ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച്‌ നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളര്‍ച്ചയുണ്ടാക്കുന്നു.' - പാര്‍വതി വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന നടപടികള്‍ വെറും 'പെര്‍ഫോമന്‍സ്' മാത്രമാണെന്ന് പാര്‍വതി വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ച്‌ ഭയമില്ലാതായതെന്നും താരം കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കാന്‍ സ്ത്രീകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നല്‍കുന്ന നിമിഷം സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓര്‍മ്മിപ്പിച്ചു. 'അമ്മ' എന്ന സംഘടനയെപ്പോലെ ഡബ്ല്യു.സി.സിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞു.

സിനിമ സെറ്റുകളില്‍ ഐ.സി.സി (ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) നിര്‍ബന്ധമാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ്ങിനിടെ കാരവനില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ തൊടുപുഴയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനെത്തുടര്‍ന്ന് ഫെഫ്ക അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബംഗാളി നടി നല്‍കിയ സമാനമായ പരാതിയില്‍ 2009-ലെ സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി 2025-ല്‍ കോടതി നടപടികള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസില്‍ സംവിധായകനെ പോലീസ് പിടികൂടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life