Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപ്പിയെച്ചൊല്ലിയുണ്ടായ ചെറിയൊരു തര്‍ക്കം; വിവാഹേതര ബന്ധം ആരോപിച്ചു; വിവാഹാഭരണങ്ങള്‍ ഭര്‍തൃമാതാവ് തട്ടിയെടുത്തു; ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി പ്രമുഖ നടി

കാപ്പിയെച്ചൊല്ലിയുണ്ടായ ചെറിയൊരു തര്‍ക്കം; വിവാഹേതര ബന്ധം ആരോപിച്ചു; വിവാഹാഭരണങ്ങള്‍ ഭര്‍തൃമാതാവ് തട്ടിയെടുത്തു; ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി പ്രമുഖ നടി

ര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതരമായ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി പ്രമുഖ ടെലിവിഷന്‍ നടി അദിതി ശര്‍മ്മ രംഗത്ത്.

ശാരീരികവും മാനസികവുമായ പീഡനം, വര്‍ഗീയ-വാക്കേറ്റ അധിക്ഷേപങ്ങള്‍, സ്വഭാവദൂഷണം ആരോപിക്കല്‍, സ്ത്രീധന-വിവാഹാഭരണങ്ങള്‍ തട്ടിയെടുക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മുംബൈയിലെ ഗോരേഗാവ് പൊലീസിനെ സമീപിച്ചത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 31-ന് ഭര്‍ത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, ഭര്‍തൃമാതാവ് ഊര്‍മിള കൗശിക് (65), ഭര്‍തൃസഹോദരി കീര്‍ത്തി കൗശിക് (29) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 85 (ഗാര്‍ഹിക പീഡനം), വഞ്ചനയ്ക്കുള്ള സെക്ഷന്‍ 316(2), മനഃപൂര്‍വം അപമാനിക്കലിനുള്ള സെക്ഷന്‍ 352 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2021 ജൂണില്‍ ഒരു ഓണ്‍ലൈന്‍ ആക്ടിംഗ് ക്ലാസിനിടെയാണ് അദിതിയും അഭിനീതും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടര്‍ന്ന് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ 2024 സെപ്റ്റംബറില്‍ മുംബൈ ഗോരേഗാവ് വെസ്റ്റില്‍ ഇവര്‍ വാടകവീടെടുത്ത് താമസം തുടങ്ങി. 2024 നവംബര്‍ 12-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇവരുടെ വിവാഹവും നടന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമൂന്ന് ദിവസങ്ങള്‍ക്കകം തന്നെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയെന്ന് അദിതി പരാതിയില്‍ പറയുന്നു. വസ്ത്രധാരണത്തെച്ചൊല്ലിയും നിസ്സാര കാര്യങ്ങള്‍ പറഞ്ഞും വഴക്കുകള്‍ പതിവായി. വീട്ടുചെലവുകള്‍ പങ്കിടുമെന്ന ധാരണ തെറ്റിച്ച്‌ ഭര്‍ത്താവ് സ്വന്തം ആവശ്യങ്ങള്‍ക്കായി നടിയുടെ പക്കല്‍ നിന്ന് പണം കൈക്കലാക്കുകയും ചെയ്തിരുന്നു.

2025 ജനുവരി ഒന്നിന് കാപ്പിയെച്ചൊല്ലിയുണ്ടായ ചെറിയൊരു തര്‍ക്കം അക്രമത്തില്‍ കലാശിച്ചതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. ഭര്‍ത്താവ് നടിയുടെ സ്വഭാവത്തെ സംശയിക്കാനും വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കാനും തുടങ്ങി. ഫോണ്‍ നിരന്തരം പരിശോധിക്കുകയും മാതാപിതാക്കളോട് സംസാരിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്ത ഭര്‍ത്താവ്, മറ്റൊരു മുറിയിലേക്ക് താമസം മാറ്റുകയും ചെയ്തു. പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് അമ്മയെയും സഹോദരിയെയും വിളിച്ചുവരുത്തിയെങ്കിലും, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അവര്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നടിയെ ക്രൂരമായി മാനസികമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. കൂടാതെ, തന്റെ വിവാഹാഭരണങ്ങളായ സ്വര്‍ണ്ണമാലകള്‍, മോതിരങ്ങള്‍, ഡയമണ്ട് മോതിരം, താലി, വളകള്‍ എന്നിവ ഭര്‍തൃമാതാവ് കൈവശപ്പെടുത്തിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്നും അദിതി ആരോപിക്കുന്നു.

അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ അദിതിക്ക് സഹനടനായ സമര്‍ത്ഥ് ഗുപ്തയുമായി ബന്ധമുണ്ടെന്നും, തന്നോട് 25 ലക്ഷം രൂപ വിവാഹമോചന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുവെന്നും, തങ്ങളുടെ വിവാഹം ഒരു നാടകം മാത്രമായിരുന്നുവെന്ന് നടി അവകാശപ്പെട്ടതായും അഭിനീത് ആരോപിച്ചിരുന്നത് വലിയ വിവാദമായിരുന്നു. നിലവില്‍ ഗോരേഗാവ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അമിത മറാഠെയുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണങ്ങളില്‍ അഭിനീതിന്റെ കുടുംബം പ്രതികരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life