ചെങ്കടലില്‍ നടന്ന ഒരു സംഭവം ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ പതാകയുള്ള ഒരു വ്യാപാരക്കപ്പല്‍ ആക്രമണത്തിന് ഇരയായി കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും, ഈ സംഭവം ലോക വ്യാപാരത്തിനും സമുദ്രസുരക്ഷയ്ക്കും വലിയ മുന്നറിയിപ്പായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍, കപ്പലുകള്‍ക്കും നാവികർക്കും എതിരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ടെഹ്‌റാന് നല്‍കിയ കർശന സന്ദേശത്തില്‍ ആവശ്യപ്പെട്ടു
ഇത് ഒരു കപ്പലിന്റെ കഥ മാത്രമല്ല... ലോക സാമ്പത്തിക വ്യവസ്ഥയുടെ ജീവനാഡിക്ക് നേരെയുണ്ടായ വെല്ലുവിളിയാണ്. എന്താണ് സംഭവിച്ചത്?
ഒരു വശത്ത് വിശാലമായ സൂയസ് കനാല്‍, മറുവശത്ത് തന്ത്രപ്രധാനമായ ബാബ് എല്‍-മൻദേബ് കടലിടുക്ക്... ഇതിനിടക്ക് ലോകത്തിന്റെ സാമ്പത്തിക രക്തധമനിയായി ഒഴുകുന്ന ചെങ്കടല്‍... ഈ സമുദ്രപ്പാത ഇപ്പോള്‍ ആശങ്കയുടെയും ഭീതിയുടെയും കേന്ദ്രമായി മാറിയിരിക്കുന്നു
ഓഗസ്റ്റ് 4നാണ് യെമനിലെ ഹൊദെയ്ദ തീരത്തിന് സമീപം വച്ച് ഇന്ത്യയുടെ 'എംഎസ്‌വി ഫൈസ് നൂറെ ഒലിയ' എന്ന ചരക്കുകപ്പല്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന് ചെങ്കടലില്‍ മുങ്ങിയത്. എന്നാല്‍ ഈ സംഭവം കേവലം ഒരു പ്രാദേശിക സംഘർഷത്തിന്റെ അതിരുകള്‍ കടന്ന് ആഗോള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്.
13 ഇന്ത്യൻ നാവികരുള്‍പ്പെടെ 14 ജീവനക്കാരെ യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത് വലിയൊരു ദുരന്തം ഒഴിവാക്കിയെങ്കിലും ഉയരുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. ചെങ്കടല്‍ ഇനി എത്രത്തോളം സുരക്ഷിതമാണ്? ഈ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യയുടെ വ്യാപാര മേഖലയെയും എങ്ങനെയെല്ലാമാണ് ബാധിക്കാൻ പോകുന്നത്?
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സര്‍ബാനന്ദ സോണോവാള്‍ വ്യക്തമാക്കി. 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചതില്‍ വലിയ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരുടെയും സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കുന്നതിനും, രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ മാരിടൈം അഡ്മിനിസ്‌ട്രേഷന് (DGMA) മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
സൗദി അറേബ്യയിലെ റിയാദിലുള്ള ഇന്ത്യന്‍ എംബസി യെമന്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജീവനക്കാരുടെ തുടര്‍ സുരക്ഷയും നാട്ടിലേക്ക് മടക്കിയെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും എംബസി നേരിട്ട് ഏകോപിപ്പിക്കും.
ആളില്ലാത്ത സ്ഫോടകവസ്‌തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. യെമനിലെ അല്‍ മുഖയ്ക്ക് (മോക്ക) തെക്കുപടിഞ്ഞാറ് ഒൻപത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് കപ്പലില്‍ തീപിടിത്തമുണ്ടായതായി കമ്പനി സെക്യൂരിറ്റി ഓഫിസർ (CSO) റിപ്പോർട്ട് ചെയ്‌തു. തുടർന്ന് കപ്പല്‍ പൂർണമായും മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാരെ മോക്ക തുറമുഖത്ത് എത്തിച്ചു. സമുദ്രപാതയില്‍ കപ്പലുകള്‍ ജാഗ്രതയോടെ സഞ്ചരിക്കണമെന്നും സംശയാസ്‌പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും സമുദ്ര സുരക്ഷാ ഏജൻസി നിർദേശം നല്‍കി. സൗദി അറേബ്യയില്‍ നിന്ന് എണ്ണയുമായി വരികയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ യെമൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യെമൻ, ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷയ്ക്കും വ്യാപാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണിത്. നഗരങ്ങളെയും വിമാനത്താവളങ്ങളെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യമിടുക, കയറ്റുമതി തടസ്സപ്പെടുത്തുക, ചെങ്കടല്‍, ബാബ് അല്‍-മന്ദബ് കടലിടുക്ക്, ഏദൻ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയർത്തുക തുടങ്ങിയ ഹൂതി ഭീകരവാദ സംഘം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്നും യെമൻ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു. വർധിച്ചുവരുന്ന സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടാൻ സൗദിയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര പ്രതിരോധ സമുദ്ര സഖ്യം അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് നാലിന് നടന്ന ആക്രമണത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളും ശക്തമായി അപലപിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായി യെമൻ അധികൃതരുമായി ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീവനക്കാരെ വേഗത്തില്‍ രക്ഷപ്പെടുത്തിയ യെമൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും ഇന്ത്യ നന്ദി രേഖപ്പെടുത്തി. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണ്.
ഇന്ത്യൻ പതാക വഹിച്ച വാണിജ്യ കപ്പലിനുനേരെ നടന്ന ആക്രമണം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീക്ഷിക്കുന്നത്. രാജ്യാന്തര ജലപാതകളില്‍ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്നും വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒരു ഇന്ത്യൻ കപ്പല്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ട് മുങ്ങുന്നത് ഇതാദ്യത്തെ സംഭവമാണ്.
. ഇറാൻ പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയ്ക്കും മറ്റ് സഖ്യരാഷ്ട്രങ്ങള്‍ക്കും എതിരെ പ്രഖ്യാപിച്ചിരിക്കുന്ന സമുദ്ര ഉപരോധത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. ജൂലൈ പകുതിയോടെ സൗദിക്കെതിരെ ഹൂതികള്‍ പുതിയ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം, നിരപരാധികളായ വാണിജ്യ നാവികരും കപ്പലുകളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. സൗദി അറേബ്യയുടെ 'എൻസിസി ഗസാല്‍', 'എൻസെലിയ', 'ലൈല' തുടങ്ങി എണ്ണക്കപ്പലുകള്‍ക്ക് നേരെയും അടുത്തിടെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
ഇതുവരെ പേർഷ്യൻ ഉള്‍ക്കടലിലെ ഹോർമുസ് കടലിടുക്കില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന സംഘർഷങ്ങള്‍, ഇപ്പോള്‍ ബാബ് എല്‍-മൻദെബ്, ചെങ്കടല്‍, സൂയസ് കനാല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീർണമാക്കുന്നു. ആഗോള എണ്ണ വിതരണത്തിന്റെ സുരക്ഷിതത്വത്തിനായി ഹോർമുസ് കടലിടുക്കിന് ബദലായി ചെങ്കടല്‍ വഴിയുള്ള പടിഞ്ഞാറൻ തുറമുഖങ്ങളെ ഉപയോഗപ്പെടുത്താമെന്ന സൗദി അറേബ്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് പുതിയ സംഭവങ്ങള്‍.
ലോകവ്യാപാരത്തിന്റെ ഏകദേശം 12 മുതല്‍ 15 ശതമാനം വരെ നടക്കുന്നത് ചെങ്കടല്‍ വഴിയാണ്. പ്രതിവർഷം ഒരു ട്രില്യൻ ഡോളറിലധികം മൂല്യമുള്ള ചരക്കുകളാണ് ഈ കനാല്‍ മാർഗം കടന്നുപോകുന്നത്. ആഫ്രിക്കൻ വൻകരയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ഇടുങ്ങിയ കടല്‍പ്പാതയില്‍ സുരക്ഷ ഇല്ലാതായാല്‍, അത് ആഗോള വിതരണ നെറ്റ്‌വർക്കിന്റെ നട്ടെല്ലൊടിക്കും.
ചെങ്കടലിലെ അസ്ഥിരത ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ വിദേശവ്യാപാരത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന സമുദ്രപാതയാണിത്. ഡല്‍ഹി ആസ്ഥാനമായുള്ള ആർഐഎസ് എന്ന തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ചരക്കുകളുടെ 80 ശതമാനവും ചെങ്കടല്‍ മാർഗമാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന മൊത്തം ചരക്കുകളുടെ 30 ശതമാനവും ഈ പാതയെ ആശ്രയിച്ചാണ് എത്തുന്നത്.
അപകട സാധ്യത വർധിച്ചതോടെ കപ്പലുകള്‍ക്ക് ചുമത്തുന്ന 'വാർ റിസ്ക് പ്രീമിയം' അല്ലെങ്കില്‍ ഇൻഷുറൻസ് തുക കുത്തനെ കൂടും. ഇതൊഴിവാക്കാൻ കപ്പലുകള്‍ ആഫ്രിക്കൻ വൻകരയെ ചുറ്റിയുള്ള 'കേപ്പ് ഓഫ് ഗുഡ് ഹോപ്പ്' പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. ഇത് യാത്രാ സമയം 10 മുതല്‍ 14 ദിവസം വരെ കൂട്ടുകയും ഇന്ധനച്ചെലവും ചരക്കുകൂലിയും വൻതോതില്‍ വർധിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വിലക്കയറ്റമായി അനുഭവപ്പെടാം.
ചെങ്കടല്‍ കേവലം ചരക്കുകപ്പലുകളുടെ മാത്രം പാതയല്ല, ആഗോള ഇന്റർനെറ്റ് വിനിമയത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഫൈബർ ഒപ്റ്റിക് കേബിളുകളില്‍ 90 ശതമാനവും കടന്നുപോകുന്നത് ഈ കടലിന്റെ അടിത്തട്ടിലൂടെയാണ്. കപ്പലുകള്‍ മുങ്ങുമ്പോഴോ, നങ്കൂരങ്ങള്‍ തട്ടുമ്പോഴോ, അല്ലെങ്കില്‍ ആസൂത്രിതമായ അട്ടിമറി ശ്രമങ്ങളിലൂടെയോ ഈ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, അത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ ഇന്റർനെറ്റ്, ക്ലൗഡ് സേവനങ്ങളെ വൻതോതില്‍ പ്രതിസന്ധിയിലാക്കും.
പഴയകാലത്തെ കടല്‍ക്കൊള്ളക്കാർ കപ്പലുകള്‍ കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തി വ്യാപാരക്കപ്പലുകളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ വർധിക്കുകയാണ്.ഇത് വെറും കൊള്ളയല്ല...ലോക സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമാണെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു.
മധ്യപൂർവേഷ്യയില്‍ പുകയുന്ന യുദ്ധവും തർക്കങ്ങളും നയതന്ത്ര തലത്തില്‍ പരിഹരിക്കപ്പെടാത്ത പക്ഷം ചെങ്കടലിലെ ഭീഷണി ഒടുങ്ങില്ല. യുഎസും ഇറാനും തമ്മില്‍ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തില്‍ എന്തെങ്കിലും ധാരണയിലെത്തിയാല്‍ പോലും, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഹൂതികളെ അത്തരം കരാറുകള്‍ എത്രത്തോളം നിയന്ത്രിക്കുമെന്നത് സംശയകരമാണ്. സമുദ്ര വാണിജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ആവശ്യമല്ല, മറിച്ച് മുഴുവൻ ലോകത്തിന്റെയും ആവശ്യമാണ്.
പ്രാദേശിക രാഷ്ട്രീയ പോരാട്ടങ്ങളുടെ ഇരയായി രാജ്യാന്തര സമുദ്രപ്പാതകള്‍ മാറുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ വലിയൊരു മാന്ദ്യത്തിലേക്ക് തള്ളിവിടും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്വന്തം നാവികരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായുള്ള രാജ്യാന്തര സമ്മർദങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് മുന്നിലുള്ള വഴി. ചെങ്കടലിലെ പുക അടങ്ങുന്നില്ലെങ്കില്‍, അതിന്റെ ചൂട് ലോകത്തെമ്പാടുമുള്ള അടുക്കളകളിലും വിപണികളിലും പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

