ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...
മിന്നല്‍പ്രളയം വിതച്ച ദുരിതത്തിലും നാശനഷ്ടങ്ങളിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് നേപ്പാള്‍. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആയിരക്കണക്കിനാളുകളെ കാണാതായെന്നുമാണ് വിവരം.
മിന്നല്‍പ്രളയമുണ്ടായി ആറുദിവസം പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യംപേറി പറക്കുന്ന ഹെലികോപ്ടറുകളിലൊന്നിന്റെ കോക്പിറ്റില്‍ പ്രിയാ അധികാരി എന്നൊരു പൈലറ്റ് ഉണ്ട്. നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്ടർ ക്യാപ്റ്റനാണ് ഇവർ. ആറുദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് ഈ നാല്‍പ്പതുകാരി പൂർത്തിയാക്കിയത്.
തുടർച്ചയായ പറക്കലുകള്‍ കാരണം തങ്ങളില്‍ ഭൂരിഭാഗംപേരും ക്ഷീണിതരാണെന്ന് സിഎൻഎന്നിന്റെ ആൻഡേഴ്‌സണ്‍ കൂപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറഞ്ഞു. മിന്നല്‍ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ റസുവ ജില്ലയിലെ ടിമുറെ ഗ്രാമത്തിന് ചുറ്റുമായി ഇരുപതോളം ഹെലികോപ്ടറുകളാണുള്ളത്. നിരവധിപേരെയാണ് ഇവിടെ കാണാതായിട്ടുള്ളത്. അതിജീവിതരെ രക്ഷിക്കാനായി ഒന്നിലധികം ഹെലികോപ്ടറുകള്‍ ഒരേയിടത്തേക്ക് വരുന്നതിനാല്‍, ഹെലികോപ്ടറുകളുടെ ഏകോപനം ദൗത്യത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറിയിട്ടുണ്ടെന്ന് പ്രിയ പറഞ്ഞു. പൈലറ്റുമാർ നിരന്തരം ഏകോപനം പുലർത്തേണ്ടതുണ്ട്. ചിലപ്പോള്‍ അഞ്ച് അല്ലെങ്കില്‍ ആറ് ഹെലികോപ്ടറുകള് അതിജീവിതരെ രക്ഷിക്കനായി ഒരേസ്ഥലത്തേക്ക് വരും, അവർ കൂട്ടിച്ചേർത്തു.
പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞുകൂടിയ ചെളിയും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു. ചില സ്ഥലങ്ങളില്‍ ഹെലികോപ്ടറുകള്‍ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനാകില്ല. അതിജീവിതരെ മാറ്റിക്കൊണ്ടിരിക്കുന്ന സമയത്തും ഹെലികോപ്ടർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം നഷ്ടമായി. അഞ്ച് ജലവൈദ്യുത പദ്ധതികള്‍ നഷ്ടമായി. ജീവനുകള്‍ നഷ്ടമായി. എന്നാല്‍ രക്ഷാപ്രവർത്തകരെ കാത്ത് ദുരന്തത്തെ അതിജീവിതർ നില്‍ക്കുന്നത് കാണുമ്പോള്‍ ആശ്വാസം തോന്നും, പ്രിയ പറഞ്ഞു.
എൻവയോണ്‍മെന്റല്‍ സയൻസ് പഠിക്കുകയും പിന്നീട് കാബിൻ ക്രൂവായി ജോലി നോക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹെലികോപ്ടർ പറത്താനുള്ള മോഹം പ്രിയയില്‍ ജനിച്ചതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. തുടർന്ന് ഫിലിപ്പീൻസില്‍നിന്ന് ഹെലികോപ്ടർ പറത്തലില്‍ പരിശീലനം നേടി. 2017-ലാണ് മുഴുവൻസമയ ഹെലികോപ്ടർ പൈലറ്റ് ആയി മാറുന്നത്. ഹൈ ആള്‍ട്ടിട്യൂഡ് രക്ഷാദൗത്യത്തില്‍ വിദഗ്ധയാണ് പ്രിയ.
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളില്‍ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റില്‍ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികള്‍ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയില്‍ നിന്ന് 19 സംഘം നേപ്പാളില്‍ എത്തിയിട്ടുണ്ട്.
ഡിഎൻഎ പ്രൊഫൈലുകള്‍ അയച്ചുകൊടുക്കേണ്ട ഇമെയില്‍ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കള്‍ക്ക് രക്തസാമ്പിളുകള്‍ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈല്‍ ഇമെയില്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാള്‍ പോലീസിന്റെ വെബ്സൈറ്റില്‍ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

