Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍

വയനാട്ടില്‍ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

'അമ്മ' സംഘടനയിലെ ആഭ്യന്തര പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സംഘടനയുടെ നിലനില്‍പ്പിനായി ജനങ്ങളോടും മാധ്യമങ്ങളോടും വികാരാധീനനായി അപേക്ഷിച്ച്‌ മുതിര്‍ന്ന താരം രവീന്ദ്രന്‍. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി സംഘടനയുടെ തുടക്കം മുതല്‍ കൂടെയുള്ള ആളെന്ന നിലയില്‍, 'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍. സംഘടനയിലുള്ള അഞ്ഞൂറോളം വരുന്ന അംഗങ്ങളില്‍ ഭൂരിഭാഗവും സിനിമയില്ലാതെ കാരുണ്യപ്രവര്‍ത്തനങ്ങളെയും കൈനീട്ടത്തെയും ആശ്രയിച്ചു ജീവിക്കുന്നവരാണെന്നും, തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കാമെങ്കിലും സംഘടനയെ ഇല്ലാതാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കള്‍ പൊതുവെ വൈകാരികമായി സംസാരിക്കുന്നവരാണെന്നും അതിനാലാണ് ചില വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതെന്നും വ്യക്തമാക്കിയ താരം, സംഘടന തകരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ളവര്‍ അനുവദിക്കില്ലെന്നും കൃത്യമായ സമയത്ത് അവര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉറപ്പു നല്‍കി. ശ്വേതാ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ താന്‍ പഠിച്ചുവരികയാണെന്നും, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ വിധി വരട്ടെ എന്നും നടന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'ഞാന്‍ ഇന്ന് നിങ്ങളെ കാണാമെന്ന് വിചാരിച്ചതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞാല്‍, ഇന്നലത്തെ സംഭവവികാസങ്ങളെല്ലാം മാധ്യമങ്ങളില്‍ കാണുമ്പോള്‍ ഒരുപാട് വിഷമമുണ്ട്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന, പരിണിതപ്രജ്ഞനായ സുധാകരന്‍ സര്‍ വരെ വന്ന് 'അമ്മ സംഘടന പിരിച്ചുവിടേണ്ട സമയമായി' എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ വളരെ ദുഃഖം തോന്നി. കാരണം, ആ ഒരു അവസ്ഥയിലേക്ക് അദ്ദേഹത്തിനെ എത്തിച്ചതും നമ്മുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ഇത് നമ്മള്‍ ഒരു 32 വര്‍ഷം മുന്‍പ് തുടങ്ങിയപ്പോള്‍ അഭിനേതാക്കളുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കാന്‍ വേണ്ടിയാണ് രൂപീകരിച്ചത്. ഇതിന്റെ തുടക്കം മുതല്‍ ഒരു ലൈഫ് മെമ്പറാണ് ഞാന്‍. പിന്നീട് നമ്മള്‍ ഇത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും കൂടി വേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള ഒരു ധാരണ ഉണ്ടാവുകയും അങ്ങനെ തന്നെയാണ് മുന്നോട്ട് പോയതും. ഇന്ന് 'അമ്മ'യിലെ മെമ്പേഴ്‌സിന് വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍, അവരെ സഹായിക്കാനുള്ള കാര്യങ്ങള്‍... ഇതൊക്കെ ഇത്രത്തോളം ചെയ്യുന്ന മറ്റൊരു സംഘടനയും ലോകത്ത് എവിടെയും ഉണ്ടാകില്ല. എല്ലാ മാസവും അവര്‍ക്ക് കൈനീട്ടമെത്തുന്നു, മരുന്ന് എത്തുന്നു, ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഒരു കുടുംബമായിട്ടാണ് ഞങ്ങള്‍ പോകുന്നത്.

അതില്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു സ്ഥിതി ഉണ്ടായി എന്നത് യഥാര്‍ഥത്തില്‍ സങ്കടകരമാണ്. പക്ഷേ, അതുകൊണ്ട് 'സംഘടന പിരിച്ചുവിട്ടേക്ക്' എന്നൊന്നും പറഞ്ഞ് നിങ്ങള്‍ ബഹളം കൂട്ടരുത്. കാരണം ഇതിനെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഒരുപാട് മെമ്പേഴ്‌സ് ഇതിനകത്തുണ്ട്. ഈ അഞ്ഞൂറോളം മെമ്പേഴ്‌സില്‍ എല്ലാവര്‍ക്കും സിനിമയില്‍ ജോലിയൊന്നുമില്ല. ഇതില്‍ ആകെ ഒരു അന്‍പതോ എഴുപതോ പേര്‍ക്ക് മാത്രമേ എപ്പോഴും തൊഴില്‍ ലഭിക്കുന്നുള്ളൂ. മൂന്നോ നാലോ വര്‍ഷമായിട്ട് സിനിമ ചെയ്യാന്‍ പറ്റാതെ നില്‍ക്കുന്ന ഒരുപാട് മെമ്പേഴ്‌സ് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍, നിങ്ങള്‍ ഈ പറയുന്നതുപോലെ അഭിനേതാക്കളാണ്; അതുകൊണ്ട് പൊതുവേ പറയുന്നതുപോലെ ഞങ്ങള്‍ കുറച്ച്‌ ഇമോഷനല്‍ ആയിട്ട് സംസാരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചുപോയിട്ടുണ്ട്. അതിന്റെ പേരില്‍ നമ്മുടെ സംഘടന തന്നെ ഇല്ലാതാക്കണം എന്നുള്ള രീതിയിലേക്ക് നിങ്ങളും പോകരുത്, അങ്ങനെയുള്ള അഭിപ്രായങ്ങള്‍ വരരുത്. അത് ഞങ്ങള്‍ക്ക് ഒരുപാട് വേദനയുണ്ടാക്കുന്നതാണ്. കാരണം, ഇതിനകത്ത് ഒരുപാട് പേരുടെ ജീവിതമുണ്ട്.

അതുകൊണ്ട് എനിക്ക് വളരെയധികം വിഷമം ഉണ്ടായപ്പോഴാണ് ഞാന്‍ ഇങ്ങനെ ഒരു അപേക്ഷയുമായി വന്നത്. ഈ സംഘടന നിലനില്‍ക്കണം. ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും എല്ലാ മെമ്പേഴ്‌സും ഒരേ സ്വരത്തില്‍ നില്‍ക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് 'ഈ സംഘടന നിലനില്‍ക്കണം' എന്ന കാര്യത്തില്‍ മാത്രമാണ്. ബാക്കി പല കാര്യത്തിലും ഞങ്ങള്‍ക്ക് വിഭിന്നസ്വരങ്ങള്‍ ഉണ്ടാകാം. നമ്മള്‍ മലയാളികളാണ്, കേരളീയരാണ്. നമ്മള്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കും, വിയോജിപ്പുകള്‍ അറിയിക്കും. ചിലപ്പോള്‍ അത് ഇമോഷനല്‍ ആയി വരും, കാരണം ഞങ്ങള്‍ അഭിനേതാക്കളല്ലേ; പലപ്പോഴും വന്ന് ഞങ്ങളുടെ ഇമോഷന്‍സ് കണ്‍ട്രോള്‍ ഇല്ലാതെ സംസാരിച്ചുപോയെന്ന് വരാം.

ഞങ്ങള്‍ക്ക് പൂര്‍ണമായിട്ടും അറിയാം, ഈ ജനങ്ങള്‍ തരുന്ന സ്‌നേഹാദരവുകളാണ് ഞങ്ങളുടെ ശക്തി. നിങ്ങള്‍ തരുന്ന കയ്യടികളാണ് ഞങ്ങളുടെ ഊര്‍ജ്ജം. അതുകൊണ്ട് ഞങ്ങളെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശങ്ങളും മീഡിയയ്ക്കും ജനത്തിനുമുണ്ടെന്ന് ഉത്തമബോധ്യമുള്ള ഒരുത്തനാണ് ഞാന്‍. കാരണം നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്, അതാണ് ഞങ്ങളുടെ ജീവിതമാര്‍ഗ്ഗം. നിങ്ങള്‍ക്ക് ഞങ്ങളെ വിമര്‍ശിക്കാം, ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. പക്ഷേ, ഞങ്ങള്‍ ഇല്ലാതാവണമെന്നോ ഞങ്ങളുടെ സംഘടന ഇല്ലാതാവണമെന്നോ ഒരിക്കലും നിങ്ങള്‍ പറയരുത്. കാരണം ഇതിനെ പ്രതീക്ഷിച്ച്‌ ജീവിക്കുന്ന ഒരുപാട് മെമ്പേഴ്‌സ് ഉണ്ട്, എനിക്കത് വ്യക്തമായിട്ട് അറിയാവുന്നതാണ്. ഇതിനകത്ത് ഇപ്പോള്‍ രണ്ടു പക്ഷമുണ്ടായിട്ടുണ്ട്, ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്, നമ്മള്‍ എല്ലാവരും അഭിപ്രായങ്ങള്‍ കൂടുതലുള്ളവരാണല്ലോ.

പക്ഷേ, ഈ സമയം എന്ന് പറഞ്ഞാല്‍ എല്ലാവരും ഇമോഷനല്‍ ആയി ചാര്‍ജ് ആയിരിക്കുന്ന സമയമാണ്. ഈ സമയത്ത് ഒരു സമാധാനം കൊണ്ടുവരാന്‍ പറ്റി എന്ന് വരില്ല. ഇതിനൊരു സമയമുണ്ട്. ഈ വെള്ളം ഒഴുക്കില്‍ പോകും സര്‍... ഒരുപാട് വെള്ളം ഇതിന്റെ അടിയിലൂടെ ഒഴുകിപ്പോയിട്ടുണ്ട്, ഒരുപാട് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഈ സംഘടന തരണം ചെയ്തിട്ടുമുണ്ട്. എന്നാലും ഒരു കാര്യത്തില്‍ ഞങ്ങള്‍ എന്നും ഉറച്ചുനിന്നിട്ടുണ്ട്. ഈ സംഘടനയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അന്നേരം ഞങ്ങളെല്ലാം ഒരു കെട്ടായിട്ട് തന്നെ നില്‍ക്കും. നമ്മള്‍ ആരും നിങ്ങളെ കുറ്റം പറയുന്നില്ലല്ലോ, നിങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അധികാരം ഉണ്ടെന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞത്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ പേരില്‍ കുറ്റമല്ല പറയുന്നത്, നമ്മള്‍ നമ്മുടേതായ കാര്യങ്ങള്‍ പറയുന്നു എന്ന് മാത്രം. അഭിപ്രായവ്യത്യാസങ്ങള്‍ ഞങ്ങളില്‍ ഉണ്ടായിട്ടുണ്ട് സര്‍, അത് എല്ലാ സംഘടനകളിലും ഉണ്ടാകാറുള്ളതല്ലേ? അഭിപ്രായവ്യത്യാസമുള്ള ഒരേയൊരു സംഘടന ഇതല്ലല്ലോ. അതൊക്കെ ഉണ്ടാകും, അത് മലയാളി ആയതുകൊണ്ടാണ്. എന്റെ വ്യക്തമായ അഭിപ്രായം ഈ സംഘടന നിലനില്‍ക്കണം എന്ന് തന്നെയാണ്, അതാണ് എന്റെ ഉദ്ദേശം.

ഇങ്ങോട്ടുള്ള പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത് തീര്‍ച്ചയായിട്ടും എല്ലാവരും സ്വയം മനസ്സിലാക്കിയാല്‍ തന്നെ ഇല്ലാതാകും. തീര്‍ച്ചയായും ഇടപെടേണ്ട സമയത്ത് അവര്‍ ഇടപെടും. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷേട്ടനുമെല്ലാം ഈ സംഘടന തകരാനായിട്ട് നോക്കിനില്‍ക്കുമെന്ന്? ഇല്ല, ഈ സംഘടന നിലനിര്‍ത്താന്‍ തന്നെയാണ് അവര്‍ നില്‍ക്കുന്നത്. അത് സമയോചിതമായ സമയത്തല്ലേ അവര്‍ പറയുകയുള്ളൂ. നിങ്ങള്‍ മാധ്യമങ്ങള്‍ ഇത്രയും ചൂട് ആയിരിക്കുന്ന സമയത്ത് ഞാന്‍ വന്ന് പറഞ്ഞാല്‍ അത് നടക്കുമോ? പലരും ഈ സമയത്ത് ഇടപെടാന്‍ ശ്രമിച്ചാല്‍ അത് പെട്ടെന്ന് ബാക്ക്ഫയര്‍ ചെയ്‌തേക്കാം. കാരണം ഇമോഷണല്‍ ആയിട്ട് എല്ലാവരും ഭയങ്കര 'ബോയില്‍ഡ്' ആയി നില്‍ക്കുകയാണ്. എന്നാല്‍ ഇന്ന് എന്റെ ആവശ്യങ്ങളും നിലപാടുകളും പറയാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. എന്ത് പറയണമെന്ന് തോന്നി ഫ്രാങ്ക് ആയിട്ട്, അതൊക്കെ ഞാന്‍ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഭാവനാപരമായിട്ടുള്ള പല ചോദ്യങ്ങളും ചോദിക്കാം, പക്ഷേ എന്റെ കാര്യം ഞാനാണ് പറയേണ്ടത്. അത് പറയാനുള്ള ത്രാണി എനിക്കുണ്ട്, ഞാന്‍ പറയുകയും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ ഇന്ന് ഇവിടെ വിളിച്ചുകൂട്ടിയത്.

തീര്‍ച്ചയായിട്ടും ഈ പ്രശ്‌നങ്ങളെല്ലാം അവരവര്‍ തന്നെ തിരിച്ചറിയുന്ന ഒരു അവസ്ഥയുണ്ടാകും. കാരണം മുന്‍പും ഞങ്ങള്‍ക്ക് പലപ്പോഴും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്, ഞങ്ങള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ഇന്നും ഉറപ്പുതരുന്നു, ഈ പ്രശ്‌നങ്ങള്‍ താനേ ഇല്ലാതാകും, അല്ലാതെ ഇത് തമ്മിത്തല്ലി പിരിയില്ല. ശ്വേതാ മേനോന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള ആരോപണങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ ഞാന്‍ അന്ന് ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല എന്നത് സത്യമാണ്. ആ സമയത്ത് ഞാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്നു.

അതുകൊണ്ട് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ ഇവിടെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതില്‍ ഇടപെടരുത് എന്ന് ഞാന്‍ വിചാരിച്ചു. ഞാന്‍ ഇതിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാന്‍ പഠിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം. അവര്‍ ഇപ്പോള്‍ കോടതിയില്‍ നില്‍ക്കുന്ന ഒരു വിഷയമല്ലേ, കോടതിയുടെ ഒരു തീരുമാനം മുന്‍പില്‍ നില്‍ക്കുമ്പോള്‍ അത് ആ വഴിക്ക് നില്‍ക്കട്ടെ. അതില്‍ ഒരു മാറ്റം ഉണ്ടാകുമ്പോള്‍ നമ്മള്‍ അന്നേരം പറയാം. പഠിച്ചു വരുമ്പോഴേക്കും ഈ പ്രശ്‌നങ്ങള്‍ തീരുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമല്ലേ, അതിനകത്ത് എന്തിനാണ് നിങ്ങള്‍ ദുഃഖം കാണുന്നത്? ഇത് തീരരുത് എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അങ്ങനെയാവട്ടെ.

കോടതിക്ക് മുന്‍പില്‍ ഞാന്‍ വലിയ ആളല്ലല്ലോ. കോടതിയെക്കാളും വലിയൊരാളാണോ ഞാന്‍? അല്ലല്ലോ. കോടതി ഒരു തീരുമാനം എടുത്തതിനെതിരെ എനിക്ക് പറയാന്‍ അവകാശമുണ്ടോ? എനിക്കില്ല. അപ്പോള്‍ കോടതിയുടെ തീരുമാനങ്ങള്‍ വരട്ടെ. പിന്നെ കുക്കു പരമേശ്വരന്റെ മൗനത്തെക്കുറിച്ച്‌ ചോദിച്ചാല്‍, ഓരോരുത്തരും ഓരോ വ്യക്തിത്വമുള്ളവരാണ് 'അമ്മ'യില്‍. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്, പലരുടെയും ഇമോഷനല്‍ കണ്‍ട്രോള്‍ പല രീതിയിലാണ്. ചിലര്‍ക്ക് അത് സ്വയം അടക്കാനുള്ള ശക്തിയുണ്ടാകാം, ബുദ്ധിപരമായി നീങ്ങാനുള്ള കഴിവുണ്ടാകാം. പലരും ഇമോഷനല്‍ ആയി പെട്ടെന്ന് ചെന്ന് പ്രതികരിച്ചേക്കാം. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത്, പെട്ടെന്ന് ഒരു ആരോപണം വന്നപ്പോള്‍ ശ്വേത ഇറങ്ങി ഓടുകയാണ് ചെയ്തത്. അത് ഫേസ് ചെയ്യാന്‍ ചിലപ്പോള്‍ അവര്‍ക്ക് പറ്റി എന്ന് വരില്ല.

ഇതിന്റെ തുടക്കകാലം മുതല്‍, അതായത് 80കള്‍ മുതല്‍ സിനിമയിലുള്ള ഒരു മുതിര്‍ന്ന സീനിയര്‍ ആക്ടര്‍ തന്നെയാണ് ഞാന്‍. ഇതിലുള്ള എല്ലാ മെമ്പേഴ്‌സിനെയും എനിക്ക് വ്യക്തിപരമായി നന്നായിട്ടറിയാം. എന്നെക്കാളും ഇതിന്റെ മുകളില്‍ അധികാരമുള്ളവരും പറഞ്ഞാല്‍ കേള്‍ക്കുന്നവരുമായ ആളുകളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ന് ഞങ്ങള്‍ക്ക് അങ്ങനെ രണ്ടുപേരുള്ളത് വലിയൊരു ആശ്വാസമാണ്. അവര്‍ സമയോചിതമായ സമയത്ത് ഇതിനകത്ത് ഇടപെട്ട് ഇത് നിലനിര്‍ത്തും എന്നുള്ള കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല, ഇത് നൂറു ശതമാനം ഉറപ്പാണ്. ഇത് തകരാന്‍ ലാലേട്ടനും മമ്മൂക്കയും അനുവദിക്കില്ല.' രവീന്ദ്രന്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new