വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി.
ശ്രേയസ് അയ്യർ നായകനാകുന്ന ടീമിന്റെ ഉപനായകൻ തിലക് വർമയാണ്. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിന് പുറമേ ഇഷാൻ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ശിവം ദുബെ, അക്ഷർ പട്ടേല്‍ എന്നിവർ ഓള്‍റൗണ്ടർമാരായി സംഘത്തില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ബൗളിങ് നിരയില്‍ രവി ബിഷ്ണോയ്, വരുണ്‍ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവർ അണിനിരക്കും.
അതേസമയം, പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ, ഹർഷിത് റാണ എന്നിവരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ പരമ്പരയില്‍ കളിക്കുകയുള്ളൂ.
സെപ്റ്റംബർ 13-നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ഡല്‍ഹിയിലാണ് എല്ലാ മത്സരങ്ങളും ക്രമീകരിച്ചിട്ടുള്ളത്.

