Saturday, 21 Sep, 12.20 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അരാംകോ എണ്ണ ഉല്‍പാദനശാലയ്ക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തി സൗദി അറേബ്യ; ഹൂത്തികളുടെ തന്ത്രപ്രധാനമായ നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി:- തകര്‍ത്തതില്‍ ദൂരെ നിന്ന് ബോട്ടുകളെ നിയന്ത്രിക്കുന്ന കേന്ദ്രംവും, കടല്‍ മൈനുകള്‍ ഒളിപ്പിച്ച കേന്ദ്രങ്ങള്‍ എന്നിവയും

അരാംകോ എണ്ണ ഉല്‍പാദനശാലയ്ക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തി സൗദി അറേബ്യ. നിര്‍ണായക രഹസ്യ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് സൗദി സഖ്യത്തിന്റെ വാദം. ഇതോടെ സമാധാനം പുനസ്ഥാപിക്കപ്പെടുന്ന പ്രതീക്ഷ യെമനില്‍ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുകയാണ്. ഇറാന്റെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്നാണ് സൗദിയുടെ വാദം. യെമെനിലെ തുറമുഖനഗരമായ ഹൊദൈദയിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം നടന്നത്. വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്ന ബോട്ടുകളും കടലില്‍ ഉപയോഗിക്കുന്ന മൈനുകളും നിര്‍മിക്കുന്ന നാലു കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു.

സൗദിയിലെ അരാംകോ എണ്ണപ്പാടങ്ങള്‍ക്ക് നേരേ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുകയായിരുന്നു സഖ്യസേന. ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ എണ്ണയുത്‌പാദനത്തെ ബാധിച്ചിരുന്നു. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാനെതിരേ സൈനികനീക്കമുണ്ടാവുമെന്ന് യു.എസ്. സൂചനയും നല്‍കിയിരുന്നു. അതേ സമയം സൗദിക്കെതിരെ തുറന്ന പോരാട്ടം ഇനി തുടര്‍ച്ചയായി ഉണ്ടാവുമെന്ന ഹൂത്തികളുടെ വെല്ലുവിളിയാണ് സൈനികത നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അരാംകോ ആക്രമണത്തില്‍ സൗദി ഭരണകൂടം ശക്തമായ തിരിച്ചടിക്കാണ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇതോടെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല ഒരിക്കല്‍ കൂടി സംഘര്‍ഷ ഭരിതമായിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആക്രമണത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി.


ബാബ് അല്‍ മന്ദബ് കടലിടുക്കിലും തെക്കന്‍ ചെങ്കടലിലും എണ്ണനീക്കം തടയാനും അന്താരാഷ്ട്ര വാണിജ്യപാത തടസ്സപ്പെടുത്താനും ഭീകരര്‍ കേന്ദ്രമാക്കുന്ന നാലു കേന്ദ്രങ്ങളാണ് തകര്‍ത്തതെന്നു സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു. ഹൂതികള്‍ ഹൊദൈദ തുറമുഖം ഭീകരത വളര്‍ത്താനുള്ള കേന്ദ്രമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതകണ്ട് പ്രശ്നബാധിത പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാബ് അല്‍ മണ്ഡബ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാര മേഖല വഴി കടന്നുപോകുന്ന കപ്പലുകളെ ഭീഷണിപ്പെടുത്താനായി ഹൂത്തികള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് പ്രധാനമായും തകര്‍പ്പെട്ടത്. അതേസമയം യുഎന്നുമായുള്ള കരാര്‍ സൗദി സഖ്യം ലംഘിച്ചതായി ഹൂത്തികള്‍ പറഞ്ഞു. നേരത്തെ സ്‌ഫോടന വസ്തുക്കള്‍ നിറച്ച ബോട്ട് തകര്‍ത്തതായി സൗദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്.

ജനങ്ങളോട് മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സൗദി സഖ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരമാണ് ഇവിടെ ആക്രമണം നടന്നത്. ഹൂത്തികളെ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സൗദി വ്യക്തമാക്കി. അതേസമയം സ്‌ഫോടനങ്ങള്‍ യെമന്‍ ജനതയെ വീണ്ടും ഭയത്തിലേക്ക് തള്ളിയിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേ സമയം, വ്യോമാക്രമണം നടത്തിയ സഖ്യസേന സ്വീഡനില്‍ കഴിഞ്ഞവര്‍ഷം ഒപ്പുവെച്ച യു.എന്‍.കരാര്‍ ലംഘിച്ചിരിക്കുകയാണെന്ന് ഹൂതികള്‍ ആരോപിച്ചു. ഹൊദൈദയില്‍ വെടിനിര്‍ത്തലും സൈനികനിര്‍വ്യാപനവുമാണ് കരാര്‍ നിര്‍ദേശിച്ചിരുന്നത്. യെമെനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയെന്നനിലയില്‍ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങിയതോടെ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ച്‌ യു.എസിന്റെ നേതൃത്വത്തില്‍ പുതിയ നാവികസഖ്യവും നിലവില്‍ വന്നിരുന്നു. കൂട്ടായ്മയില്‍ ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ഇംഗ്ലണ്ട്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ കൂട്ടായ്മ രൂപവത്‌കരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും സഖ്യസേന വക്താവ് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top