Sunday, 25 Aug, 3.20 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അയ്യപ്പന്‍ സാക്ഷി... ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു; തെറ്റുപറ്റിയെന്ന് പറയുന്ന സി.പി.എം അത് തിരുത്തി മാപ്പു പറയാന്‍ തയ്യാറാകണം; അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണം

ശബരിമല വിഷയം ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ശബരിമല വിഷയത്തില്‍ തെറ്റുതിരുത്തുമെന്ന് പറയുന്ന സിപിഎം, ക്ഷേത്രങ്ങളില്‍ കൂടി പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റാന്‍ ശ്രമിക്കുകയാണ്. അതേസമയം ഇതിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി.

ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് പറയുന്ന സി.പി.എം അത് തിരുത്തി മാപ്പു പറയാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കുടുംബാംഗങ്ങളെ ക്ഷേത്രത്തില്‍ അയയ്ക്കാതെ നേതാക്കള്‍ തന്നെ ശബരിമലയിലെത്തി അപരാധം ഏറ്റു പറഞ്ഞ് ആത്മാര്‍ത്ഥത തെളിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ദേശീയതയെയും ആത്മീയ ഔന്നത്യത്തെയും എപ്പോഴും കുത്തിവീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനിവാര്യമായ പതനമാണ് ഉണ്ടായിരിക്കുന്നത്. കാശ്മീരിനെ അധിനിവേശ പ്രദേശമാക്കിയെന്നും മറ്റൊരു പലസ്തീന്‍ ആക്കിയെന്നുമുള്ള സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാക്കുകളുടെ തനിയാവര്‍ത്തനമാണ്. ഇത് രാജ്യ വിരുദ്ധ പ്രസ്താവനയാണ്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മൂന്നു മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി വന്ന പ്രതികരണങ്ങള്‍ വൈകിവന്ന വിവേകമാണ്.ജയറാം രമേശ്, അഭഷേക് സിംഗ്വി, ശശി തരൂര്‍ എന്നിവരുടെ പ്രതികരണങ്ങള്‍ ദേശീയ ചര്‍ച്ചയ്ക്കു വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോളെന്നാണ് ബിജെപി നേതാവ്‌കെ. സുരേന്ദ്രന്‍ പറയുന്നത്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

അതേസമയം വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ബൃഹദ് പദ്ധതികളാണ് സി.പി.എം. തയാറാക്കിയിരിക്കുന്നത്. ശബരിമലയില്‍ ചെറു വിമാനത്താവളം നിര്‍മ്മിക്കാനും ആര്‍.എസ്.എസ്, ഹിന്ദു പരിവാര്‍ സംഘടനകള്‍ കൈയടക്കിവച്ചിരിക്കുന്ന ക്ഷേത്രക്കമ്മിറ്റികളില്‍ ഉള്‍പ്പെടെ പാര്‍ട്ടി അംഗങ്ങള്‍ പ്രാതിനിധ്യം നേടി നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ് നീക്കം. പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തരുതെന്ന മുന്‍ നിലപാടിനു വിരുദ്ധമായാണ് ശൈലി മാറ്റുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറു ദിവസമായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കൊടുവില്‍ അംഗീകരിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിശ്വാസസംരക്ഷണത്തിനു മുന്‍തൂക്കം നല്‍കണമെന്ന് പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കേഡര്‍ സംവിധാനം തകര്‍ന്നതായാണ് നേതൃയോഗങ്ങളുടെ വിലയിരുത്തല്‍. കേഡര്‍ സ്വഭാവത്തോടെയാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ യോഗങ്ങള്‍ ഇതു മറികടന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറ വീണ്ടും ഇളകുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

എല്ലാ ക്ഷേത്രകമ്മിറ്റികളിലും പാര്‍ട്ടി പ്രതിനിധികളുണ്ടാകണമെന്നും പള്ളികളിലും മോസ്‌കുകളിലും പാര്‍ട്ടിയംഗങ്ങളുടെ പ്രാതിനിധ്യമുണ്ടാകണമെന്നും കല്യാണം, മരണം ഉള്‍പ്പെടെ നാട്ടില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പാര്‍ട്ടിയംഗങ്ങളുടെ സാന്നിധ്യമുണ്ടാകണമെന്നും നേതൃയോഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top