നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ നേപ്പാളില്‍നിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ദുരന്തബാധിത ചിത്വാന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് മഹാരാജ്ഗഞ്ചും കുശിനഗറും. മഹാരാജ്ഗഞ്ചില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് സിങ് സോഗര്‍വാള്‍ അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗര്‍ ജില്ലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി യുപി പൊലീസ് സ്ഥിരീകരിച്ചു. ഇവയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നേപ്പാളിലെ മഹാപ്രളയത്തില്‍ മരണം 579 ആയി ഉയർന്നു. പ്രളയത്തില്‍ ഒലിച്ചുപോയ പ്രദേശങ്ങളിലെ കനത്ത മഴയും, മറ്റൊരു ഹിമതടാകം കൂടി പൊട്ടിയേക്കുമെന്നുള്ള ആശങ്കയും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ 1924 പേരെ കാണാനില്ലെന്നാണ് നേപ്പാള്‍ ദുരന്ത നിവാരണ വിഭാഗം നല്‍കുന്ന ഔദ്യോഗിക വിവരം. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല.
തുടർച്ചയായ മഴയെത്തുടർന്ന് പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനങ്ങള്‍ക്ക് വലിയ തടസ്സമാകുന്നതായി നാഷനല്‍ ഡിസാസ്റ്റർ റിസ്ക് റിഡക‍്‍ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) വ്യക്തമാക്കി. നേപ്പാള്‍ അതിർത്തിയിലെ ഹിമാലയൻ മലനിരകളില്‍ നിന്നാണ് കൂറ്റൻ മഞ്ഞുപാളി അടർന്നു വീണതെന്നും, ഇത് ചൈനയുടെ മേഖലയില്‍ നിന്നല്ലെന്നും നേപ്പാളും ചൈനയും ചേർന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നുവാകോട്ട്, ഗോർഖ, തനാഹുൻ, ചിത്വാൻ, നവല്‍പാർസി, ദാഡിങ് തുടങ്ങിയ സ്ഥലങ്ങളെല്ലാം പ്രളയത്തില്‍ പൂർണമായി തകർന്നു തരിപ്പണമായി.
റസുവ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ഭൊട്ടെകോസി നദിയുടെ തീരങ്ങളില്‍ നിന്ന് കണ്ടെടുത്തത് അതീവ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മോർച്ചറികള്‍ നിറഞ്ഞുകവിഞ്ഞതോടെ, ഡിഎൻഎ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാൻ അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ ഇന്ത്യക്കാരായ 320 പേരെ കാണാനില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

