Sunday, 25 Aug, 12.20 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ഈ അതികായനെ അറിയണം... മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം വെള്ളാപ്പള്ളി നടേശന്റെ മകനെ നിമിഷ നേരം കൊണ്ട് ഇറക്കിയ യൂസഫലി പ്രധാനമന്ത്രിയുടെ മനവും കവര്‍ന്നു; ഒരു പ്രവാസി മലയാളിക്ക് കിട്ടാവുന്ന വലിയ അംഗീകാരമായി യൂസഫലി മാറുമ്ബോള്‍

എം.എ. യൂസഫലി എന്ന അതികായന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ പ്രിയങ്കരനാണ്. ഫോബ്‌സ് സമ്ബന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമതാണ് ലുലു ഗ്രൂപ്പ് ഉടമ കൂടിയായ എം.എ. യൂസഫലി. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ നിര്‍ണായക സ്വാധീനമുള്ളയാളാണ് യൂസഫലി. അതിനാല്‍ തന്നെ ഭരണം മാറിയാലും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും യൂസഫലിയെ തള്ളാനാകില്ല. അടുത്തടുത്ത രണ്ട് ദിവസങ്ങളിലുണ്ടായ സംഭവം മാത്രം മതി ഇത് സ്ഥിരീകരിക്കാന്‍.

തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിലെ ജയിലില്‍ ആയ സമയത്ത് ഉടന്‍ പുറത്തിറങ്ങുമെന്ന് ആരും കരുതിയില്ല. കാരണം ഗള്‍ഫാണ്, അവിടത്തെ നിയമം കര്‍ക്കശമാണ്. അതിനാല്‍ തന്നെ പുറത്തറിഞ്ഞ ഉടനെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെയാണ് വിളിച്ചത്. പുറം രാജ്യത്തെ സംഭവമായതിനാല്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി. കൂടാതെ യൂസഫലിയെ വിളിച്ച്‌ എന്തെങ്കിലും ചെയ്യണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കേന്ദ്രം വിചാരിക്കും മുമ്ബ് യൂസഫലി കാര്യം സാധിച്ചെടുത്തു. തുഷാറിനെ പുറത്തിറക്കി.

അങ്ങനെ പിണറായി വിജയന്റെ ഷേക്ക് ഹാന്റ് കിട്ടുമ്ബോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. ജമ്മുകശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി രംഗത്തെത്തിയത്. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.

അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയില്‍ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കും. അതേസമയം, യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി. മോദിയുടെ മനസറിഞ്ഞ പ്രവര്‍ത്തനങ്ങള്‍ യൂസഫലിയ്ക്ക് ഏറെ കയ്യടി നേടിക്കൊടുത്തു.

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ 64 വയസുകാരനായ എം.എ. യൂസഫലി എല്ലാവര്‍ക്കും പ്രിയങ്കരനാണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ് അദ്ദേഹം.

26,000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. യുഎഇ, ഇന്ത്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, യെമന്‍, ഈജിപ്ത്, കെനിയ, ബെനിന്‍, ടാന്‍സാനിയ, സെനഗല്‍, ഉഗാണ്ട, നൈജീരിയ, ഘാന എന്നിവിടങ്ങളിലായി 29 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തെഴിലാളികളാണ് യൂസഫലിയെ ആശ്രയിക്കുന്നത്. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയാണ്.

തന്റെ തിരക്കേറിയ ബിസിനസ്സ് ഇടപെടലിനു പുറമേ, യൂസഫലി സാമൂഹിക രംഗത്ത് ഒരുപോലെ സജീവമാണ്. അടുത്തിടെ ഗാന്ധി ഭവനില്‍ വൃദ്ധ ദനം പണിയാന്‍ വന്‍ തുക നല്‍കിയതും ഏറെ ശ്രദ്ധ നേടി. ഇന്ത്യയുടെ ബഹുമാനവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവന, വിദേശ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍, ബിസിനസ്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിന് അഭിമാനകരമായ പ്രവാസി ഭാരതീയ സമന്‍ അവാര്‍ഡിനും പരിഗണിച്ചു.

സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

വിദേശ നിക്ഷേപങ്ങളും വൈദഗ്ധ്യവും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ യൂസഫലി എല്ലായ്‌പ്പോഴും പരിശ്രമിച്ചു. അവയില്‍ പ്രധാനമാണ് സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ നെടുമ്ബാശേരി വിമാനത്താവളം. കൊച്ചി സ്മാര്‍ട്ട് സിറ്റി സംരംഭത്തില്‍ മധ്യസ്ഥനായി നിന്നത് അദ്ദേഹത വലിയ കൈയ്യടി നേടി. ഇന്ത്യയിലെ പല പ്രകൃതിദുരന്തങ്ങളിലും ഗള്‍ഫില്‍ നിന്ന് വലിയതും സമയബന്ധിതവുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. അതെ യൂസഫലി അതികായന്‍ തന്നെയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top