Sunday, 01 Sep, 3.20 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
എല്ലാവരും കാല് മാറുന്നു... തുഷാര്‍ വെള്ളാപ്പള്ളിയുടെ ഗള്‍ഫ് വിടല്‍ അത്ര എളുപ്പമാകില്ലെന്ന് സൂചന; കൂടുതല്‍ പേര്‍ ചെക്കുകേസുമായി രംഗത്തെത്തിയാല്‍ പിന്നെ സാക്ഷാല്‍ യൂസഫലി പിടിച്ചാലും നില്‍ക്കില്ല; എത്രയും വേഗം നാസിലിന്റെ കേസ് ഒതുക്കി നാട്ടിലേക്ക് കടക്കാന്‍ തീവ്ര ശ്രമം

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ശരിക്കും ഗള്‍ഫില്‍ പെട്ടിരിക്കുകയാണ്. ഇവിടെയൊക്കെയാണെങ്കില്‍ തുഷാറിന്റെ രോമത്തെ പോലും തൊടാന്‍ പറ്റാത്ത കേസിലാണ് അജ്മാനില്‍ തുഷാര്‍ കുടുക്കിലായത്. എങ്ങനേയും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ ചെക്ക് കേസ് കോപ്രമൈസാക്കാനാണ് ശ്രമിക്കുന്നത്. ഈ കേസ് കള്ളക്കേസാണെന്ന് തുഷാര്‍ ആണയിടുമ്ബോള്‍ തന്നെ 3 കോടി നല്‍കി കേസൊതുക്കാമെന്നാണ് പറയുന്നത്. എന്നാല്‍ 6 കോടി കിട്ടണമെന്ന് നാസില്‍ വാശി പിടിച്ചതോടെ തുഷാര്‍ ധര്‍മ്മ സങ്കടത്തിലായി. എങ്കിലും പ്രതീക്ഷ കൈവിടാത്ത പ്രതികരണമാണ് തുഷാര്‍ നടത്തുന്നത്.

കേരളത്തിലേക്ക് മടങ്ങുന്നത് വൈകിയാലും യു.എ.ഇ.യിലെ ചെക്ക് കേസില്‍ അന്തിമ വിജയം തനിക്കായിരിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. കുറച്ച്‌ നാള്‍ ഗള്‍ഫില്‍ നിന്നാലും വേണ്ടില്ല 6 കോടി കൊടുക്കേണ്ടെന്നാണ് തുഷാറിന്റെ തീരുമാനം. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് പരമാവധി മൂന്നു കോടി രൂപ വരെ കൊടുക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തുഷാര്‍.

അതേസമയം താന്‍ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീര്‍പ്പു വ്യവസ്ഥ സ്വീകാര്യമാണെന്നു നാസില്‍ അറിയിച്ചാല്‍ മാത്രമേ ഇനി കോടതിക്കു പുറത്തു ചര്‍ച്ചയുള്ളൂവെന്ന് തുഷാര്‍ ഉറപ്പിച്ചു പറയുന്നു. ആറേമുക്കാല്‍ ലക്ഷം ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയതെന്നും ഒത്തുതീര്‍പ്പിനായി ചോദിക്കുന്ന പണം 30 ലക്ഷം ദിര്‍ഹമാണ്. അതായത് 5.8 കോടി രൂപ. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തുഷാര്‍ പറയുന്നത്. തനിക്ക് അനുകൂലമായ കൂടുതല്‍ രേഖകള്‍ വരും ദിവസങ്ങളില്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നാസിലിന്റെ കൈയിലുള്ള തന്റെ ചെക്കില്‍ സ്‌പോണ്‍സറുടെ ഒപ്പ് ഇല്ല, ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ് എന്നീ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇനിയുള്ള വെള്ളാപ്പള്ളിയുടെ പയറ്റ്.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പല സഹായങ്ങളും നിലയ്ക്കുകയാണ്. ഈ വിഷയത്തില്‍ ഇനി ഇടപെടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല യൂസഫലിയ്‌ക്കെതിരായും പ്രചാരണമുണ്ടായി. നാസില്‍ നേരത്തേ ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. എന്നാല്‍ നാസില്‍ അബ്ദുള്ളയോ മാതാപിതാക്കളോ താനുമായോ ഓഫീസുമായോ തന്റെ പരിചയക്കാരുമായോ ഒരുനിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി വ്യക്തമാക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഇതേ അവസ്ഥയിലാണ്. വെള്ളാപ്പള്ളിയുടെ സ്‌നേഹം കൊണ്ട് സഹായിക്കാന്‍ പോയ പിണറായിക്കും നാലുചുറ്റുനിന്നും വിമര്‍ശനം വന്നു. അതിനാല്‍ തന്നെ ഇനി തുഷാറിന് നേരിട്ട് സഹായം ലഭിക്കില്ല. അങ്ങനെ പലതരത്തിലുള്ള സഹായങ്ങള്‍ നിലച്ച കൂട്ടത്തില്‍ മറ്റൊരു കാര്യത്തേയും തുഷാര്‍ ഭയക്കുന്നുണ്ട്. ഇനി വണ്ടിച്ചെക്കുമായി ആരെങ്കിലും പരാതി നല്‍കിയാല്‍ കുടുങ്ങിയത് തന്നെ. തുഷാര്‍ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് പരാതിക്കാരന്‍ നാസില്‍ വ്യക്തമാക്കിയിരുന്നു. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും നാസില്‍ പറഞ്ഞത്.

ഇത് തന്നെയാണ് തുഷാര്‍ വെള്ളാപ്പള്ളിയേയും അലട്ടുന്നത്. പണ്ട് ദുബായില്‍ ബിസിനസ് നടത്തുന്ന സമയത്ത് നല്‍കിയ ചെക്കുകള്‍ ആരെങ്കിലും ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ വലിയ നിയമ പ്രശ്‌നമുണ്ടാകും. ഒന്നില്‍ കൂടുതല്‍ വണ്ടിച്ചെക്കുകള്‍ വന്നാല്‍ വെട്ടിലായത് തന്നെ. തുഷാര്‍ ജാമ്യം നേടിയ സമയത്ത് പറഞ്ഞതെല്ലാം കളവാണെന്ന് വരും. അതിനാല്‍ തന്നെ അടുത്ത കേസ് വരുന്നതിന് മുമ്ബ് ഗള്‍ഫ് വിടാനൊരുങ്ങുകയാണ് തുഷാര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top