'ദുബായുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്' എന്ന മനോഹരമായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. ദുബായ് സന്ദർശിക്കാൻ വാശിപിടിച്ച് കരയുന്ന മിലാൻ എന്ന കെനിയൻ ബാലനെ ദുബായിലേക്ക് സ്വാഗതം ചെയ്താണ് അദ്ദേഹം വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയത്.
കെനിയൻ കണ്ടന്‍റ് ക്രിയേറ്ററായ മരിയ ന്യംബാനെയാണ് തന്‍റെ മകൻ മിലാൻ കരയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ദുബായ് എന്ന 'ഗ്രഹത്തിലേക്ക്' പോകണമെന്നാണ് മിലാന്റെ ആഗ്രഹം. ദുബായെ മറ്റൊരു ഗ്രഹമെന്നാണ് കുട്ടി വിശേഷിപ്പിച്ചത്. "ഞാൻ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി നിന്നെ ദുബായില്‍ കൊണ്ടുപോകാം" എന്ന് അമ്മ അവനെ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. മകന്‍റെ വലിയ ആഗ്രഹങ്ങളെയും വികാരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനാണ് മരിയ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

