ആറ് മണ്ഡപങ്ങള്‍. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതല്‍ കോയ്മമാർ. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പൊലീസും. ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂർത്തിയായി. പുലർച്ചെ നാലുമണി മുതല്‍ വിവാഹങ്ങള്‍ തുടങ്ങി.
അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാനായി ഇന്നലെ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങള്‍ക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേല്‍പുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കണ്‍ വാങ്ങി കസേരയില്‍ വിശ്രമിക്കാവുന്നതാണ്.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കണ്‍ നമ്പർ നല്‍കും തുടർന്ന് ഊഴമെത്തുമ്പോള്‍ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയില്‍ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നര മണിയോടെ പൊലീസിനെ വിന്യസിക്കും. ഇന്നർറിങ്ങ് ,ഔട്ടർ റിങ്ങ് റോഡുകളില്‍ ഉള്‍പ്പെടെ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല,
അതേസമയം പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂള്‍ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ് .
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങള്‍ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകേണ്ടതാണ്. മാത്രവുമല്ല ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിരിക്കുകയാണ്.

