വീണ്ടും ആശങ്ക പരത്തി കാട്ടുകൊമ്പൻ പടയപ്പ. ഇടുക്കി മൂന്നാർ ജനവാസ മേഖലകളില്‍ പടയപ്പയുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം ഭാഗത്തായിരുന്നു പടയപ്പയുടെ സാന്നിധ്യം.
ഇപ്പോള്‍ മാട്ടുപ്പെട്ടിയിലേക്കും എത്തിയതോടെ ഭീതിയിലാണ് ജനങ്ങള്‍. തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ അടക്കം കാട്ടാന വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയില്‍ നിന്ന് പടയപ്പ മാറാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു മുൻപിലാണു കഴിഞ്ഞ ദിവസങ്ങളില്‍ പടയപ്പയെ കണ്ടത്. ആഴ്ചകളായി സൈലന്റ്‌വാലി മേഖലയിലായിരുന്ന പടയപ്പ ഗൂഡാർവിള, നെറ്റിക്കുടി എന്നിവിടങ്ങളിലെത്തിയ ശേഷമാണ് ദേവികുളം ഫാക്ടറി ഡിവിഷന്റെ ഭാഗത്തേക്ക് വന്നത്. ഇവിടെയും തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ നശിപ്പിച്ചു. പിന്നീട് ദ്രുതകർമസേനാംഗങ്ങള്‍ എത്തിയാണ് പടയപ്പയെ കാട്ടിലേക്ക് ഓടിച്ചത്.

