Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇവര്‍  എന്നെ കൊല്ലും രക്ഷിക്കണേ..!ലേബര്‍  റൂമില്‍ കയറും മുൻപ്  നിലവിളിച്ച്‌ ഗര്‍ഭിണി,മരിച്ചു...!

ഇവര്‍ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബര്‍ റൂമില്‍ കയറും മുൻപ് നിലവിളിച്ച്‌ ഗര്‍ഭിണി,മരിച്ചു...!

ഇതുപോലത്തെ ചികിത്സയാണെങ്കില്‍ ഈ ആളുകള്‍ എന്നെ കൊല്ലും, എന്റെ ജീവന്‍ അപകടത്തിലാണ്' ഇങ്ങനെ കരഞ്ഞുകൊണ്ട് പറയുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഗര്‍ഭിണിയായ യുവതി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് പോകും മുന്‍പ് കരഞ്ഞു കൊണ്ട് പറയുന്നതായിരുന്നു ആ വീഡിയോ. നിര്‍ഭാഗ്യവശാല്‍ ആ യുവതിയും, നവജാത ശിശുവും മരിച്ചു. മധ്യപ്രദേശിലെ റേവയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കല്‍പ്പനയെന്ന യുവതിയും കുഞ്ഞുമാണ് മരിച്ചത്. ഓഗസ്റ്റ് 25-ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കല്‍പന ഓഗസ്റ്റ് 26-ന് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്‌തെഷ്യയുടെ അളവ് കൂടിയതിനെ തുടര്‍ന്ന് ബോധം തിരികെ വന്നില്ലെന്നും കൃത്യമായ പരിചരണം ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് ഈ കല്‍പ്പനയുടെ ഈ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, കരഞ്ഞുകൊണ്ടും നിലവിളിച്ചുകൊണ്ടും തന്നെ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബത്തോട് സങ്കടത്തോടെ അപേക്ഷിക്കുകയായിരുന്നു. 'ഇതുപോലത്തെ ചികിത്സയാണ് തുടരുന്നതെങ്കില്‍, ഈ ആളുകള്‍ എന്നെ കൊല്ലും,' എന്നായിരുന്നു മരണത്തിന് തൊട്ടുമുന്‍പ് അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിലയിലാണ് യുവതിയെ വീഡിയോയില്‍ കാണുന്നത്.

സ്ത്രീകളുടെ വാര്‍ഡിനുള്ളില്‍ കല്‍പന കരയുകയും നിലവിളിക്കുകയും ആശുപത്രിയില്‍നിന്ന് പുറത്തുപോകാനും ബന്ധുക്കളുടെ അടുത്തെത്താനും ശ്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആശുപത്രി ജീവനക്കാര്‍ തടഞ്ഞുനിര്‍ത്താനും അവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിക്കാനും ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ ജീവനക്കാരിലൊരാള്‍ കല്‍പനയോട് 'നിനക്ക് ഭ്രാന്ത് പിടിച്ചോ?' എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ കല്‍പന മുന്നോട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുടുംബത്തിന് നേരെ കൈ നീട്ടിക്കൊണ്ട് കരഞ്ഞ കല്‍പന തനിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിക്കുന്നുണ്ട്.

എന്നാല്‍ കല്‍പനയെ മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചികിത്സിച്ചതെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും സമയബന്ധിതമായി ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ ഇതിനകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിയെയും നിയോഗിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

റേവ ജില്ലയിലെ ഹട്വ സ്വദേശിയായ കല്‍പന തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. പ്രസവത്തിനായി ഓഗസ്റ്റ് 25ന് രാത്രിയാണ് കല്‍പനയെ റേവയിലെ സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 26ന് രാത്രി എട്ടരയോടെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ അവള്‍ കുഞ്ഞിന് ജന്മം നല്‍കി. കുടുംബത്തിലെ പുതിയ അംഗത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍ ആശുപത്രിയിലെത്തിയത്. പ്രസവം കഴിഞ്ഞ് അധികം വൈകാതെ തന്നെ കല്‍പനയുടെയും കുഞ്ഞിന്റെയും ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് ഇരുവരും മരണപ്പെട്ടു.

കല്‍പനയെ പരിശോധിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യണമെന്ന് താന്‍ പലതവണ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ അഭ്യര്‍ഥനകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് കല്‍പനയുടെ പിതാവ് രാംശരണ്‍ മിശ്രയുടെ ആരോപണം. കല്‍പനയുടെ മരണത്തിന് പിന്നാലെ ബന്ധുക്കളുടെ ദുഃഖം പ്രതിഷേധമായി മാറി. ആശുപത്രിയുടെ പ്രധാന കവാടത്തില്‍ തടിച്ചുകൂടിയ ബന്ധുക്കള്‍ മെഡിക്കല്‍ വീഴ്ച ആരോപിക്കുകയും ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഏകദേശം നാല് മണിക്കൂറോളം ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. ആവശ്യമായ നടപടി സ്വീകരിക്കാതെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം.

തുടര്‍ന്ന് ആശുപത്രി ഡീന്‍ ഡോ. സുനില്‍ അഗര്‍വാളും സൂപ്രണ്ട് ഡോ. രാഹുല്‍ മിശ്രയും സ്ഥലത്തെത്തി. ആശുപത്രി അധികൃതരും കല്‍പനയുടെ കുടുംബവും തമ്മില്‍ ഏകദേശം രണ്ട് മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന ധാരണയിലെത്തി. ഇതിന് പിന്നാലെ ആശുപത്രി ഭരണകൂടം പ്രാഥമിക അച്ചടക്ക നടപടിയും സ്വീകരിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സാധന വര്‍മ്മ, സീമ മുജാല്‍ഡെ എന്നീ രണ്ട് നഴ്‌സിംഗ് ഓഫീസര്‍മാരെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുന്നതിനായി ഉന്നതതല അന്വേഷണ സമിതിയും രൂപീകരിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി ഭരണകൂടം കുടുംബത്തിന് ഉറപ്പുനല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new