പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന ദുരിതം അതീവ ഗുരുതരമാണെന്നും ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി സല്‍ക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്
ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആൻറണി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ അധികൃതർക്കായിട്ടില്ല. പല ക്യാമ്പുകളിലും കുടിവെള്ളം, ശുചിത്വം, ആരോഗ്യസൗകര്യങ്ങള്‍ എന്നിവയില്‍ വലിയ പോരായ്മകളുണ്ട്. വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ മതിയായ രക്ഷാ ബോട്ടുകള്‍ എത്തിക്കാൻ സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരിതമാണ് ഭരണകൂടത്തിന്റെ അനാസ്ഥ കാരണം ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

