വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്....
സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷം ഏതു മുന്നണിയുടെ കൈകളിലെത്തുമെന്നറിയാനുള്ള കാത്തരിപ്പിനു വിരാമമാകുന്നു. ഇനി വിധിയറിയാൻ മണിക്കൂറുകള്‍ മാത്രം.... വീറും വാശിയും നിറഞ്ഞ പ്രചാരണ പ്രവർത്തനങ്ങള്‍ക്കും വോട്ടെടുപ്പിനുശേഷം ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിങ്കളാഴ്ച പെട്ടി തുറക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ച 140 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. തുടർന്ന് ഇവിഎം മെഷീനുകളിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഓരോ ഹാളിലും 7 മുതല്‍ 14 വരെ മേശകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ സുഗമമാക്കുന്നതിനായി ഇത്തവണ തപാല്‍ വോട്ടുകള്‍ക്കായി അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപി കർശന നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും കനത്ത പോലിസ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ് ശക്തമാക്കും. ആവശ്യമായിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യത. സ്ഥാനാർഥികളും പാർട്ടി ഏജന്റുമാരും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
ഫലങ്ങള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകള്‍ തടയാൻ സൈബർ സെല്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം തമിഴ്‌നാട്ടിലും വിധിയെഴുത്തിന്റെ ഫലം നാളെ അറിയാം. സംസ്ഥാനത്തെ 62 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് രാവിലെ എട്ടുമണിയോടെത്തന്നെ വിജയസൂചനകള്‍ പുറത്തു വന്നുതുടങ്ങും.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഡി.എം.കെ. സഖ്യത്തിനാണ് വിജയത്തില്‍ മുൻതൂക്കം നല്‍കുന്നതെങ്കിലും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യത്തെയും കന്നിയങ്കം കുറിക്കുന്ന നടൻ വിജയ്‌യുടെ തമിഴക വെട്രി കഴക(ടി.വി.കെ)ത്തെയും നിരാശപ്പെടുത്തുന്നില്ല. ഭൂരിഭാഗം പ്രവചനങ്ങളും ഡി.എം.കെയ്ക്ക് അനുകൂലമാണ്. എന്നാല്‍, അണ്ണാ ഡി.എം.കെ. ഭരണം തിരിച്ചുപിടിക്കുമെന്നുള്ള പ്രവചനങ്ങളുണ്ടായി. ടി.വി.കെ. തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നു വരെ ചില എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുണ്ടായി. ഇതിനെല്ലാം അവസാന ഉത്തരം തിങ്കളാഴ്ച ലഭ്യമാകും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 4,654 സ്ഥാനാർഥികളാണ് മത്സരിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,998 സ്ഥാനാർഥികളാണ് മത്സരത്തിലുണ്ടായിരുന്നത്.

