Sunday, 19 Jan, 12.59 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കളം നിറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍... ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുമ്ബോള്‍ കോഴിക്കോട്ടെ പൊതു പരിപാടി ഉപേക്ഷിച്ച്‌ ഗവര്‍ണര്‍; ഡി.സി. ബുക്ക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കില്ലെന്ന് അറിയിപ്പ്; സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറുമായി അകന്നത്. പൗരത്വ നിയമത്തെ ന്യായീകരിച്ച്‌ ഗവര്‍ണറും നിന്നു. എന്നാല്‍ നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കിയതിനേയും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനേയും ഗവര്‍ണര്‍ ചോദ്യം ചെയ്തു. ഇതോടെ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കുമ്ബോള്‍ ഗവര്‍ണര്‍ കോഴിക്കോട്ടെ ഔദ്യോഗിക പരിപാടി ഉപേക്ഷിക്കുന്നത്. ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനമാണ് ഉപേക്ഷിച്ചത്. പൊതു സ്ഥലത്തുള്ള പരിപാടി സുരക്ഷ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് പിന്‍മാറുന്നതെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചത്. കോഴിക്കോട് പോലുള്ള മേഖലയിലെ തുറസായ സ്ഥലത്തുള്ള പൊതു പരിപാടിയിലെ സുരക്ഷിതത്വം ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ് പിന്‍മാറ്റം.

അതേ സമയം സംസ്ഥാനസര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനം. ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും കോടിയേരി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി തലത്തില്‍ സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുമായി മുന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണ് കോടിയേരിയുടെ വിമര്‍ശനം. അതേസമയം വിഷയം കൂടുതല്‍ വഷളാകാതിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അയഞ്ഞ നിലപാടാണ് ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുന്നത്.

പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെയടക്കം വിമര്‍ശിച്ച്‌ ഗവര്‍ണര്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ ഗവര്‍ണരുടെ നടപടികള്‍ക്കെതിരെ ഭരണപ്രതിപക്ഷഭേഗദമന്യേ കക്ഷികള്‍ പ്രതികരിച്ചു.

ഗവര്‍ണറുടെ നടപടികളെ വിമര്‍ശിച്ച്‌ ഇന്നലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച്‌ സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചുവെന്നും ദേശാഭിമാനി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടിയേരിയുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.

താന്‍ റബ്ബര്‍ സ്റ്റാമ്ബല്ലെന്നും ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനായ തന്നെ അറിയിക്കാതെ പൗരത്വനിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് അനുചിതമാണെന്നുമാണ് ഗവര്‍ണര്‍ ഇപ്പോഴും പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നുവെന്നും എന്നാല്‍, കേരളസര്‍ക്കാരിനു മുകളില്‍ അത്തരമൊരു അധികാരശക്തിയുമില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചടി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയും ഡല്‍ഹിയില്‍ വച്ചും മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരേ തുറന്നടിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top