Wednesday, 04 Sep, 11.20 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കളി തരക്കാരോട് മതി... സഭ്യേതരമായ ഭാഷയില്‍ കമന്റിട്ടയാളെ യൂസഫലി നേരിട്ടിടപെട്ട് ജയില്‍ മോചിതനാക്കി; മുന്നറിയിപ്പുമായി സൗദി സര്‍ക്കാര്‍; ഇനി യൂസഫലിയ്‌ക്കെതിരെ മോശം കമന്റിട്ടാല്‍ കര്‍ശനമായ നടപടി; ജോലിയും പോകും ശിക്ഷയും കിട്ടും നാടു കടത്തുകയും ചെയ്യും

ഇത് കേരളമല്ല ഗള്‍ഫാണ്. പ്രത്യേകിച്ച്‌ സൗദി അറേബ്യ. നിയമം നിയമത്തിന്റെ വഴിയെ തന്നെ പോകും. ഇനിയാരൊക്കെ വിളിച്ച്‌ പറഞ്ഞാലും പുറം ലോകം കാണാന്‍ പറ്റില്ല. ജോലി ചെയ്യാന്‍ വന്നിട്ട് ജോലി ചെയ്യാതെ ആദര്‍ശം പറഞ്ഞ് ജീവിക്കാന്‍ ഇവിടെ കഴിയില്ല. അവസാനം കുടുംബത്തിന് കണ്ണീര്‍ മാത്രം നല്‍കുന്നതെന്തിന്...

ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ. യൂസഫലിക്കെതിരെ കമന്റിട്ട് ജയിക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ചെക്കു കേസില്‍ നാസിലിനെ സഹായിക്കാതെ തുഷാറിനെ യൂസഫലി സഹായിച്ചതാണ് ഒരുകൂട്ടം പ്രവാസി മലയാളികളെ പ്രകോപിതരാക്കിയത്. ചിലര്‍ സംഭവത്തെ വര്‍ഗീയമായും ചിത്രീകരിച്ചു. യൂസഫലിയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കമന്റിട്ടു. ചിലതെല്ലാം സഭ്യതയുടെ എല്ലാ അതിര്‍വരമ്ബുകളും കടന്നതായിരുന്നു. തങ്ങള്‍ ഗള്‍ഫിലാണെന്നോ ഗള്‍ഫിലെ നിയമം അറിയാത്തവരോ അല്ല ഈ കമന്റിട്ടത്. മലയാളത്തില്‍ കമന്റിട്ടാല്‍ അറബികള്‍ എങ്ങനെ പിടിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ ആ കരുതിയവര്‍ക്ക് തെറ്റിപ്പോയി. യൂസഫലിയ്‌ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ടയാള്‍ ശരിക്കും പെട്ടു പോയി. അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് അറിഞ്ഞ് കൊണ്ട് പെട്ടു പോയത്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ കുടുങ്ങിയ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് യൂസഫലിയുടെ പേജില്‍ ഇയാള്‍ തികച്ചും സഭ്യേതരമായ ഭാഷയില്‍ കമന്റിട്ടത്. ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം ഇതോടെ പരാതിപ്പെട്ടു.

ഇതോടെ യുവാവ് അങ്കലാപ്പിലായി. തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച്‌ മാപ്പ് നല്‍കണമെന്നും യുവാവ് സ്വന്തം ഫേസ് ബുക്ക് പേജില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിയിലുള്ള സൗദിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇക്കാര്യമറിഞ്ഞ യൂസഫലി യുവാവിനെ രക്ഷിക്കാന്‍ നേരിട്ടിറങ്ങി. തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും യുവാവിനെ ജയില്‍ മോചിതനാക്കുകയും ചെയ്തു.

ഈ പ്രവാസി യുവാവിന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാകണം. ഗള്‍ഫാണെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായാല്‍ നന്ന്. അല്ലെങ്കില്‍ കരയാന്‍ നിന്‍ നിഴല്‍ മാത്രമേ കാണുകയുള്ളൂ. മാത്രവുമല്ല സൗദി സര്‍ക്കാര്‍ തന്നെ യൂസഫലിയുടെ കാര്യത്തില്‍ വ്യക്തമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനി യൂസഫലിയ്‌ക്കെതിരെ അനാവശ്യ കമന്റ് സൗദിയിലുള്ളവരിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. അതായത് ജയിലിലാകുമെന്ന് ഉറപ്പ്. മാത്രമല്ല സൈബര്‍ കുറ്റങ്ങള്‍ക്ക് സൗദിയില്‍ നാടു കടത്തുകയും പതിവാണ്. ഒരു ജീവിത മാര്‍ഗം അന്വേഷിച്ച്‌ മണലാരണ്യത്തിലെത്തിയ എല്ലാവര്‍ക്കും യൂസഫലിയുടെ മഹാമനസ് ഒരു പാഠമാണ്.

യൂസഫലിയുടെ സ്വാധീനം ഇന്ത്യയിലും ഗള്‍ഫിലും വളരെ വലുതാണ്. തുഷാറിന്റെ മോചനത്തിന് പോലും കേരള സര്‍ക്കാര്‍ ആശ്രയിച്ചത് യൂസഫലിയെയാണ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും അടുത്തിടെ യൂസഫലി പിടിച്ചുപറ്റിയിരുന്നു. ജമ്മു കാശ്മീരില്‍ വികനസത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി രംഗത്തെത്തിയത്. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കുമെന്നും അറിയിച്ചു. യു.എ.ഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം ലഭിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top