കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് കടുത്ത വധഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതെ, ആ മാധ്യമപ്രവർത്തകയെത്തന്നെ പ്രതിയാക്കി കേസെടുത്തത് മതമൗലികവാദ ശക്തികള്‍ക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒരുഭാഗത്ത് രാഹുല്‍ ഗാന്ധി വാചാലനാകുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ് സർക്കാർ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസെടുക്കുന്ന വിരോധാഭാസമാണ് കാണാനാകുന്നത്. ആർട്ടിക്കിള്‍ 19 പ്രകാരം ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് വനിതാ മാധ്യമ പ്രവർത്തകയായ അപർണ്ണ കുറുപ്പിന് നേരിടേണ്ടി വന്നിരിക്കുന്നത്.
മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ മതമൗലികവാദ സംഘടനാ പ്രവർത്തകർക്കെതിരെ എടുത്ത കേസുകളിലെ തുടർനടപടികള്‍ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുന്നു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ചർച്ച നയിച്ച മാധ്യമപ്രവർത്തകയെ ആക്രമിച്ച പ്രതിക്കെതിരെയുള്ള നടപടികള്‍ സർക്കാർ മരവിപ്പിച്ചത് മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക സംഘടനകളുടെ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.

