കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. കന്നട അനുകൂല സംഘടനകള്‍ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറേഷൻ ഒഫ് പ്രോ കന്നട ഓർഗനൈസേഷൻസ് പ്രസിഡന്റും മുൻ എം.എല്‍.എയുമായ വാട്ടല്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അതിനിടെ വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചർച്ച നടത്താനായി വിജയ് തിങ്കളാഴ്ച ബംഗളൂരുവിലെത്തിയേക്കും.
തമിഴ്നാടിന് 15 ദിവസം 3,500 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവ് കാവേരിജല മാനേജ്‌മെന്റ് അതോറിട്ടി ശരിവച്ചതാണ് പുതിയ പ്രശ്നത്തിനുകാരണമായത്. കർണാടകയില്‍ നിലവില്‍ കടുത്ത ജലക്ഷാമവും വരള്‍ച്ചയും നേരിടുമ്പോള്‍ വെള്ളം വിട്ടുനല്‍കുന്നത് കർഷകരെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു.
പ്രശ്നം ചർച്ച ചെയ്യാനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നാളെ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. കർണാടകത്തിന്റെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ശിവകുമാർ ആവർത്തിച്ചു. അടുത്ത നിലപാടെന്തെന്ന് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.

