Saturday, 14 Dec, 4.40 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച്‌ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഉവൈസി പറഞ്ഞിരുന്നു; ലോക്‌സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്

ഉവൈസി ലോക്സഭയില്‍ പൗരത്വബില്‍ കീറിയെറിയുകയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ലോക്‌സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്.ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹരജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഹരജിയില്‍ ഇന്നലെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

ഇതിനോടൊപ്പം പൗരത്വ ഭേദഗതി നിയമം അസമിനെ ബാധിക്കുമെന്ന് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളിലെ ഒമ്ബത് എം.പിമാര്‍ മുപ്പതംഗ ജോയിന്റ് പാര്‍ലമെന്ററി സമിതിയെ സമീപിച്ചു കഴിഞ്ഞു.
അസമില്‍ 65 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ മില്ലിയ സര്‍വ്വകലാശാലയിലും പ്രതിഷേധം തുടരുകയാണ്.

ബി.ജെ.പി നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു. കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചിരുന്നു.
വെള്ളിയാഴ്ച അസം, മേഘാലയ, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതോടെ അക്രമാസക്തമായിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലുഷിത സാഹചര്യം കണക്കിലെടുത്ത് നാളെ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു. ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും യാത്ര മാറ്റിവെച്ചിട്ടുണ്ട്.

അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സമരത്തില്‍ പങ്കുചേരാനായി മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതു സ്ഥിതി വഷളാക്കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top