കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് ജയം. തൃശ്ശൂർ ടൈറ്റൻസിനെ മൂന്ന് വിക്കറ്റിനാണ് ആലപ്പി പരാജയപ്പെടുത്തിയത്. തൃശ്ശൂരിനെ 140 റണ്‍സിന് എറിഞ്ഞിട്ട ആലപ്പി 18.5 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടപ്പെടുത്തി ജയം നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് തുടക്കത്തില്‍ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. 39 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
അരുണ്‍ കെ.എ 20 റണ്‍സെടുത്ത് പുറത്തായി. അക്ഷയ് കെ 19 റണ്‍സെടുത്ത് മടങ്ങിയതോടെ ടീം 71-6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ആലപ്പിയെ കരകയറ്റി. എം. ശ്രീരൂപും എസ്. ഗിരീഷും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ടീം ജയത്തിലേക്ക് നീങ്ങി. ശ്രീരൂപ് 31 റണ്‍സെടുത്ത് പുറത്തായി. ഗിരീഷ് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 18.5 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ആലപ്പി ജയത്തിലെത്തുകയായിരുന്നു.
നേരത്തേ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കുന്നതിനു മുൻപേ തന്നെ ആദ്യ വിക്കറ്റ് വീഴുകയും ചെയ്തു. ടി. എസ്. വിനില്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ കെ. ആർ. രോഹിത് മടങ്ങി. പത്ത് റണ്‍സെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴമുണ്ടായിരുന്നത്. വിനിലിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറില്‍ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തില്‍ സച്ചിൻ ബേബിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനില്‍ക്കാൻ കഴിഞ്ഞില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ എസ്. ഷാരോണും ഷോണ്‍ റോജറും ചേർന്ന് 30 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ 14 റണ്‍സെടുത്ത ഷാരോണിനെ പുറത്താക്കി അജ്നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത മുഹമ്മദ് ഇനാൻ, സിബിൻ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
മറുവശത്ത് ഉറച്ചുനിന്ന ഷോണ്‍ റോജറെയും പ്രസൂണ്‍ പ്രസാദിനെയും ഒരേ ഓവറില്‍ പുറത്താക്കി അജ്നാസ് ടൈറ്റൻസിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒടുവില്‍ ഒൻപതാം വിക്കറ്റില്‍ ബിജു നാരായണനും ആസിഫ് സലാമും ചേർത്ത 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ 140-ല്‍ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്തു. 25 പന്തുകളില്‍ നിന്ന് 37 റണ്‍സുമായി ബിജു നാരായണൻ പുറത്താകാതെ നിന്നു. ഷോണ്‍ റോജർ 24 പന്തില്‍ നിന്ന് 27 റണ്‍സ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനില്‍, അഭിജിത് പ്രവീണ്‍, സിബിൻ ഗിരീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിുകയായിരുന്നു.

