Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ഇടതുപക്ഷം തോറ്റമ്പി.. ഡല്‍ഹി  എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ നടന്നത്..

കേരളത്തില്‍ ഇടതുപക്ഷം തോറ്റമ്പി.. ഡല്‍ഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ നടന്നത്..

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ നാളെ ഹോട്ടലുകള്‍ പണിമുടക്കും

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്

കേരളത്തില്‍ ഇടതുപക്ഷം തോറ്റമ്പിയതോടെ ഡല്‍ഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഓഫീസിലും തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ നടന്നത് ഇതുവരെ സംഭവിക്കാത്ത ചില സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ബ്രാന്റ് അംബാസിഡർ പിണറായി വിജയനായിരുന്നു. സർക്കാർ സ്ഥാപിച്ച ഭീമൻ ഹോർഡിങ്ങുകളില്‍ പിണറായി മാത്രം നിറഞ്ഞുനിന്നു. സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളുമൊക്കെ പിണറായി വിജയനിലൂടെ പ്രതിഫലിച്ചു. എല്ലാ പ്രതികൂലതകളും ആ പ്രതിച്ഛായയ്ക്കു മുന്നില്‍ നിഷ്പ്രഭമാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ചു. ഒടുവില്‍, ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകള്‍ നേടി എല്‍ഡിഎഫ് അപ്രീക്ഷിതമായ തിരിച്ചടി ഏറ്റുവാങ്ങി.

102 സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റായപ്പോള്‍ ഇടതുപക്ഷത്തിന് 35 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മൂന്ന് സീറ്റുകള്‍ നേടി ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലനിലയ്ക്കും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർണായകമായിമാറി ഈ തിരഞ്ഞെടുപ്പ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷം ദുർബലമായപ്പോഴും, കേന്ദ്രത്തില്‍ ബി.ജെ.പിയുടെ അപ്രമാദിത്വത്തിനിടയിലും കേരളത്തിലെ ഇടതുപക്ഷം ശക്തമായി നിന്നിരുന്നു. ഇടവിട്ടുള്ള കാലയളവുകളില്‍ ഭരണം നഷ്ടപ്പെടുകയും വീണ്ടും ഭരണത്തില്‍ വരികയും ചെയ്തപ്പോഴും അവരുടെ വോട്ട് അടിത്തറയ്ക്ക് ഇളക്കമുണ്ടായില്ല. 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം ഒഴിച്ചാല്‍ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു ആധിപത്യം.

ഏറ്റവും ഒടുവില്‍ 2021-ലെ രണ്ടാം വിജയം അതിന്റെ ഏറ്റവും ഉജ്ജ്വലമായ ഏടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പരാജയം ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു.ഖജനാവില്‍നിന്നുള്ള കോടികള്‍ എറിഞ്ഞ് സിപിഎം ആസൂത്രണംചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും കേന്ദ്രീകരിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായാ പുനർനിർമിതിക്കായിരുന്നു. വികസന നായകൻ, കരുത്തുറ്റ നേതാവ്, കരുതലിന്റെ പ്രതീകം എന്നിങ്ങനെയുള്ള ഇമേജുകള്‍ സോഷ്യല്‍ മീഡിയിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളൂലൂടെയും പ്രചരിപ്പിച്ചു. അഹങ്കാരം, ധാർഷ്ട്യം തുടങ്ങി പിണറായിക്കുമേല്‍ ആരോപിക്കപ്പെട്ടിരുന്ന മോശം പ്രതിച്ഛായകളെ മാറ്റാനും സാത്വികനായ, കാരുണ്യവാനായ ഒരാളായി പുനഃപ്രതിഷ്ഠിക്കാനും കൊണ്ടുപിടിച്ച ശ്രമം നടന്നു. ചാനലുകളെയും വ്ളോഗർമാരെയും സൂപ്പർതാരങ്ങളെയുമൊക്കെ കൂട്ടുപിടിച്ച്‌ പ്രചാരണവീഡിയോകള്‍ നിർമിച്ച്‌ വ്യാപകമായി പ്രചരിപ്പിച്ചു.

'കേറിവാടാ മക്കളേ..' എന്നൊക്കെയുള്ള തിരക്കഥാ സംഭാഷങ്ങള്‍ പറയിപ്പിച്ചു. എന്നാല്‍, ഒന്നും ഏശിയില്ല.സി പി എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ എം എ ബേബി ഉള്‍പ്പെടെയുള്ളവരുടെ എതിർപ്പുകള്‍ മറി കടന്നുകൊണ്ടാണ് സി പി എം സംസ്ഥാന നേതൃത്വം പിണറായിയുടെ പ്രതിഛായ നിർമ്മിതിക്ക് ഊന്നല്‍ നല്‍കിയത്. എം വി ഗോവിന്ദനെ പോലുള്ളവർ പിന്നറായിക്ക് ചൂടുപിടിച്ചു. ബേബി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.അപ്രകാരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ തന്നെ ഫലമുണ്ടായിരുന്നില്ല. കണ്ണൂരിലെ ഉരുക്കുകോട്ടയായ ധർമടത്ത് കൈകാലിട്ടടിച്ചാണ് പിണറായി കരപറ്റിയത്. 19,000-ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഉണ്ടായിരുന്നത് അൻപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2021-ലേതുപോലെ പിണറായിയുടെ വ്യക്തിപ്രഭാവത്തെ വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസം പക്ഷേ, ഇത്തവണ പാളിയെന്നു മാത്രമല്ല,

വലിയതോതില്‍ തിരിച്ചടിക്കുകയും ചെയ്തു. സിപിഎമ്മുകാരില്‍പോലും പിണറായി വിജയനെതിരായ ജനവികാരം രൂക്ഷമായിരുന്നു എന്ന് കണ്ണൂരിലെ സിപിഎം കോട്ടകള്‍ക്കു സംഭവിച്ച വിള്ളലുകളില്‍നിന്നു വ്യക്തം. അതുകൊണ്ടുതന്നെ സ്വാഭാവികമായും പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനിലും സർക്കാരിലും വന്നുചേരുന്നു.ധർമ്മടത്ത് തോല്‍ക്കുന്ന മട്ടില്‍ ജയിച്ചതില്‍ പിണറായി തീർത്തും നിരാശനാണ്.ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉടമസ്ഥനായി പിണറായി മാറിയത് സി പി എമ്മുകാരായ സാധാരണ പ്രവർത്തകരുടെ വോട്ടുകൊണ്ടാണ്. പാവപ്പെട്ട പാർട്ടിക്കാരനോട് വീട്ടില്‍ പോയി ചോദിക്ക് എന്ന് പരസ്യമായി പിണറായി പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു.

പിണറായിയെ തോല്‍പ്പിച്ചാല്‍ സി പി എം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന നിരവധി പ്രവർത്തകർ പാർട്ടിയില്‍ ഉണ്ട് പിണറായിയെ അവർക്ക് മടുത്തു കഴിഞ്ഞു പിണറായിയുടെ തന്നിഷ്ടവും ധാർഷ്ട്യവുമാണ് യഥാർത്ഥ സിപിഎമ്മുകാരെ ബുദ്ധിമുട്ടിക്കുന്നത് പാർട്ടിയുടെ ആധുനിക ആശയ സംഹിതകളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന നിരവധി പ്രവർത്തകർ സിപിഎമ്മില്‍ ഉണ്ട്. എതിർത്താല്‍ പുറത്തുപോകേണ്ടി വരുമെന്ന ഭയത്താല്‍ അവർ നിശബ്ദരായി പാർട്ടി പ്രവർത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു. സി പി എമ്മിനെ ഈ ഭൂമിയില്‍ നിലനിർത്തണമെങ്കില്‍ ഏക പരിഹാരം പിണറായിയുടെ ഭരണകാലത്തിന്റെ പരിസമാപ്തിയാണെന്ന് അവർ വിശ്വസിക്കുന്നു. പിണറായിക്ക് ഇതിലെ അപകടം നന്നായി അറിയാം.അതു കൊണ്ടാണ് അദ്ദേഹം ഷാഫിയെ ധർമ്മത്ത് നിന്നുംതുരത്താൻ കരുക്കള്‍ നീക്കുന്നത്.

സി.പി.എമ്മിന്‍റെ വലതുപക്ഷ വ്യതിയാനവും സ്വജനപക്ഷപാതവും അഴിമതിയും അധികാരക്കൊതിയുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നേതാക്കള്‍ പാർട്ടിയോട് ഇടഞ്ഞപ്പോഴും അവരുടെ പരാതികള്‍ കേള്‍ക്കാനോ തിരുത്താനോ നേതൃത്വം തയ്യാറായില്ല. ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും അടക്കം പ്രമുഖരായ നേതാക്കള്‍ പാർട്ടിവിടുന്നത് തടയാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ മുഖ്യമന്ത്രി പിണറായി വിജയനോ ശ്രമിച്ചില്ല. ജനങ്ങളുടെ മനസ്സ് കണ്ടില്ല, അവരെ വിശ്വാസത്തിലെടുത്തില്ല.പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുപിരിവിലടക്കം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, പാർട്ടിയോട് കലഹിച്ച്‌, പാർട്ടിയെ തിരുത്താൻ ശ്രമിച്ച്‌ ഒടുവില്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സിപിഎം വിട്ടതോടെയാണ് ഇടത് കോട്ടയായ പയ്യന്നൂരിലെ പൊട്ടിത്തെറി ആരംഭിച്ചത്. പിന്നാലെ തൊട്ടടുത്ത മണ്ഡലമായ തളിപ്പറമ്പിലെ മുതിർന്ന നേതാവ് ടി.കെ ഗോവിന്ദനും പാർട്ടിക്കെതിരേ രംഗത്തെത്തി. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള വഴിവിട്ട നീക്കത്തിനെതിരേയായിരുന്നു അത്.

കടുത്ത അവഗണനയിലും ഉള്‍പ്പോരുകളിലും പ്രതിഷേധിച്ച്‌, പാർട്ടി നേതൃത്വത്തോട് കലഹിച്ച്‌ മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിവിട്ടതും എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി. ഈ മൂന്നുപേരും ഇപ്പോള്‍ നേടിയ വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു. ബിജെപിക്കുണ്ടായ വളർച്ച വഴി ആദ്യഘട്ടത്തില്‍ സിപിഎമ്മിനുണ്ടാക്കിയ നേട്ടം ഇപ്പോള്‍ തിരിച്ചടിക്കുകയാണ്. മറ്റെന്തൊക്കെ ആന്തരിക വൈരുധ്യങ്ങള്‍ ഉള്ളപ്പോഴും, 2021 വരെയുള്ള കാലത്ത് ഇടതുപക്ഷം തിരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ നേടിയതില്‍ ബിജെപിവിരുദ്ധ വോട്ടുകള്‍ക്ക് പങ്കുള്ളതായി നിരീക്ഷിക്കപ്പെട്ടുണ്ട്. യുഡിഎഫിന്റെ ഒപ്പമുണ്ടായിരുന്ന പരമ്പരാഗത വോട്ടുകളില്‍ ബിജെപി കടന്നുകയറിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. എന്നാല്‍, ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിയിലേക്ക് വോട്ടുകള്‍ ചോരുന്നതാണ് സമീപകാല തിരഞ്ഞെടുപ്പുകളില്‍ കാണുന്നത്. 2019-ലെയും 2024-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളിലും ഈഴവസമുദായംപോലെയുള്ള സാമൂഹികവിഭാഗങ്ങളിലും എൻഡിഎ കൈവരിച്ച വലിയമുന്നേറ്റം സിപിഎംതന്നെ വിലയിരുത്തിയിട്ടുണ്ട്.

ബി ജെ പി വോട്ടു പിടിച്ചാല്‍ ഇടത് ജയിക്കും എന്ന കാര്യത്തില്‍ വ്യത്യാസമുണ്ടായത് തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ ബി ജെ പി പിടിച്ചതോടെയാണ്.അന്ന് കോണ്‍ഗ്രസ് ഗണ്യമായ നേട്ടം ഉണ്ടാക്കിയിരുന്നു. സിപിഎം ഈ അപകടം തിരിച്ചറിഞ്ഞിരുന്നു. ന്യൂനപക്ഷതീവ്രവാദത്തോട് കൂടുതല്‍ സ്വരം കടുപ്പിക്കുകയും വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കുകയും അയ്യപ്പസംഗമങ്ങള്‍ സംഘടിപ്പിക്കുകയുമൊക്കെ ചെയ്തത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍, തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള ശ്രമം പാളി. യുഡിഎഫിന് രണ്ടു ന്യൂനപക്ഷങ്ങളുടെയും പരമ്പരാഗതപിന്തുണ വർധിക്കുകയും ഹിന്ദു വോട്ടുകള്‍ എല്ലാ പാർട്ടികളില്‍നിന്നും യുഡിഎഫിലേക്കും ബിജെപിയിലേക്കും ഒഴുകി. ഇതിനൊപ്പം സംഭവിച്ച ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു.

സാമുദായിക വോട്ടുബാങ്കുകള്‍ ചുവടുമാറ്റിയതോ രണ്ടുവട്ടം അധികാരത്തിലിരുന്ന സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരമോ മാത്രമല്ല സിപിഎമ്മിന്റെ പതനത്തിന് കാരണം. സമകാലിക സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിലും പ്രത്യയശാസ്ത്രപരമായി അതിനെ അഭിമുഖീകരിക്കുന്നതിലും ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചു. അധികാരം ഏകലക്ഷ്യമായപ്പോള്‍ മുൻ നിലപാടുകളില്‍നിന്ന് യാതൊരു മടിയുമില്ലാതെ വ്യതിചലിക്കുകയും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുകയും ചെയ്യുന്ന സമീപനം സിപിഎം നേതാക്കള്‍ തുടർച്ചയായി സ്വീകരിച്ചത് ഇടതുപക്ഷാഭിമുഖ്യമുള്ളവരെ പോലും അകറ്റി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുതല്‍ ശബരിമല സ്ത്രീപ്രവേശനം വരെ ഒട്ടേറെ സമീപകാല ഉദാഹരണങ്ങള്‍. ശബരിമല സ്വർണക്കൊള്ളയും സഹകരണ ബാങ്ക്, ഫണ്ട് തിരിമറികള്‍ അടക്കമുള്ള ഗുരുതര അഴിമതി ആരോപണങ്ങളുമെല്ലാം പാർട്ടിക്ക് തിരുത്തലിന് പ്രേരകമായില്ല. ഈ തിരഞ്ഞെടുപ്പുഫലത്തില്‍ ഈ നിലപാടുകളും പ്രതിഫലിക്കുന്നു എന്നുവേണം കരുതാൻ. ഒടുവില്‍ എല്ലാം പിണറായിയില്‍ ചെന്നു നിന്നു.

എ കെ ജി ഭവനിലും എം എൻ സ്മാരകത്തിലും കേരള കോണ്‍ഗ്രസ് ഓഫീസിലും പിണറായിക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് മുഴങ്ങിയത്. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ എതിർത്തില്ലായിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസ് വലതുമുന്നണിയില്‍ എത്തുമായിരുന്നു. കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമായതും റോഷിയുടെ നീക്കത്തിലെ പാളിച്ചയാണ്. പിണറായിയുടെ വലയില്‍ റോഷി വീണതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് കോള കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.ഇതിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.3633 ദിവസങ്ങള്‍, ഒടുവില്‍ പിണറായി വിജയന്‍ രാജിവെച്ചു; കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി

കുറിപ്പിന്റെ പൂർണരൂപം'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങള്‍ നികത്താനാവില്ല'. സഖാക്കള്‍ ഇപ്പോള്‍ പങ്കുവച്ച ഒരു വാചകമാണ്..'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആർക്കും ഭൂഷണമല്ല. ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ ഉള്ളതാണ്, പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികള്‍ ഉള്‍പ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ്.അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം. അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാം ആയി തോറ്റാല്‍ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി രീതി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിരാശയോ, വിജയിച്ചാല്‍ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്.

കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. വിനയത്തോടെ ജനവിധി അംഗീകരിച്ച്‌ നമുക്ക് മുന്നോട്ട് പോകാം. ജനങ്ങള്‍ക്കൊപ്പം നിന്ന് തെറ്റുകള്‍ തിരുത്തി നമ്മള്‍ മുന്നോട്ട് പോകും. ജനങ്ങള്‍ക്കൊപ്പം നിന്ന് നമ്മള്‍ തിരിച്ചു വരും.സഖാക്കളെ മുന്നോട്ട്. ഇതില്‍ ആദിമധ്യാന്തം കുത്തിയത് പിണറായിയെയാണ്.ബിനീഷ് കോടിയേരി തന്റെ കലിയെല്ലാം തീർത്തെന്ന് ചുരുക്കം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതല്‍ കേന്ദ്ര പദ്ധതികള്‍ ഒന്നടങ്കം അടിച്ചുമാറ്റല്‍ തുടങ്ങിയിരുന്നു. ലൈഫ് മിഷൻ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തതാണ്. ദേശീയ പാതാ 66 ന്റെ നിർമ്മാണം കേന്ദ്രം പൂർണമായി നടപ്പാക്കി. എന്നാല്‍ അതെല്ലാം പിണറായി കരസ്ഥമാക്കി. ഇത്രയും സ്ഫോടാത്മകമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രം കരുതിയില്ല.. കേരളത്തിന് കേന്ദ്രം എന്തുകൊടുത്താലും അത് സ്വന്തം ലേബലിലാക്കാനാണ് പിണറായി ശ്രമിച്ചത്.

2021 ല്‍ സ്വപ്‌ന തുല്ല്യമായ സമ്മതിപത്രമാണ് കേരളം പിണറായി വിജയൻ നേതൃത്വം നല്‍കിയ ഇടത് മുന്നണിക്ക് നല്‍കിയത്. പക്ഷേ, ആ ജനവികാരത്തിന്റെ സത്ത ഉള്‍ക്കൊള്ളാൻ പിണറായിക്കും സിപിഎമ്മിനുമായില്ല. കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരൻ എന്നിവരെയൊക്കെ മാറ്റിനിർത്തിയപ്പോള്‍ പ്രാമുഖ്യം ലഭിച്ചത് ആർക്കൊക്കെയാണെന്ന് ശ്രദ്ധേയമായിരുന്നു. അധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി. യുഎപിഎ ആയാലും മറ്റേത് വിവാദമായാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. അധികാരമാണ് മൂർത്തിയെന്ന് വരുമ്പോള്‍ കാരണഭൂതനും ചെങ്കനലും ചോദ്യങ്ങള്‍ക്കും വിമർശങ്ങള്‍ക്കും അതീതമായി. ഏറ്റവുമൊടുവില്‍ പിഎം ശ്രീയിലെ പാലത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നുകാട്ടിയപ്പോള്‍ അന്തർധാരകളുടെയും കൊടുക്കല്‍ വാങ്ങലുകളുുടെയും മുഖംമൂടികള്‍ ഒരിക്കല്‍ കൂടി അഴിഞ്ഞുവീണു.പാളിയ ഈ സിസ്റ്റത്തിനെ ഉടച്ചുതകർത്ത് നവീകരിക്കുന്നതിനുപകരം ഉത്സവക്കാഴ്ചകള്‍ സംഘടിപ്പിക്കാനായിരുന്നു സർക്കാരിന് ഉത്സാഹം.

ഒരു ദിവസത്തെ കൂലി 232 രൂപയില്‍ നിന്നും 700 രൂപയാക്കാൻ സമരം ചെയ്ത ആശാ തൊഴിലാളികള്‍ക്ക് മുന്നിലായിരുന്നു ഈ മെഗാ മേളകള്‍ എന്നതിലെ അശ്ലീലം ഭരണകൂടത്തെയും പാർട്ടിയെയും അലട്ടിയില്ല. മോഹൻലാലിന് ഫാല്‍ക്കെ പുരസ്‌കാരം കിട്ടിയത് മുതല്‍ അതിദാരിദ്ര്യ നിർമ്മാർജ്ജനം വരെ മേളകളായി. ഒരു വശത്ത് അയ്യപ്പ സംഗമം നടത്തിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വയെ മൃദുവത്കരിക്കാനുള്ള നീക്കവും വിജയിച്ചില്ല.ഇപ്പോള്‍ വർഗീയ പ്രീണനത്തിലും മാറ്റം സംഭവിച്ചു. പിണറായി വിജയൻ എന്ന നേതൃ ബിംബമാണ് ജനുവരിയിലെ ആ ശനിയാഴ്ച കേരളത്തിന് മുന്നില്‍ ഉടഞ്ഞുപോയതെന്ന് അംഗീകരിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടായില്ല. തദ്ദേശത്തില്‍ തോറ്റെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. അതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ കിട്ടിയത്. സി പി എമ്മും സി പി ഐ യും കേരള കോണ്‍ഗ്രസിലും പിണറായിയോടുള്ള വിരോധം ഇരമ്പിയാർക്കുകയാണ്. വരും ദിവസങ്ങളില്‍ അത് പൊട്ടിത്തെറിക്കും. അതോടെ പിണറായി കേരള രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതമാവും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new