ഇടുക്കി മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി
17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി
കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവെച്ച മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 9 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ കഴിഞ്ഞ 66 ദിവസങ്ങളായി പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യവും കേസിന്റെ അന്വേഷണം നിലവില്‍ അവസാനഘട്ടത്തില്‍ എത്തിയതും കണക്കിലെടുത്താണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ പ്രധാന വകുപ്പായ വധശ്രമക്കുറ്റം പ്രാഥമദൃഷ്ട്യാ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെയും ഔദ്യോഗിക വാഹനങ്ങളെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച പ്രതികളുടെ നടപടി അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി എടുത്തുപറയുകയും ചെയ്തു.നേരത്തെ, കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ രണ്ട് വട്ടമാണ് സെഷന്‍സ് കോടതി തള്ളിയത്. തുടര്‍ന്നാണ് പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിഭാഗത്തിനായി മുന്‍ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എ.ജി. ഗോപാലകൃഷ്ണന്‍ കുറുപ്പ്, മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് അടക്കമുള്ള പ്രമുഖ നിയമവിദഗ്ധരുടെ വന്‍ നിരതന്നെയാണ് കോടതിയില്‍ ഹാജരായത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ അതിശക്തമായ ഭാഷയിലാണ് ഇ.ഡി കോടതിയില്‍ എതിര്‍ത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര ഏജന്‍സിക്ക് നേരെ നടന്ന സംഘടിതവും ആസൂത്രിതവുമായ ആക്രമണമായിരുന്നുവെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
സംഭവത്തെ കേവലം ഒരു സാധാരണ ക്രമസമാധാന പ്രശ്നമായോ പെട്ടെന്നുണ്ടായ ജനരോഷമായോ കാണാനാകില്ലെന്നും ഇ.ഡി വ്യക്തമാക്കുകയുണ്ടായി. നിയമപരമായ അന്വേഷണം തടസ്സപ്പെടുത്തുക, ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നീ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. കൊച്ചി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി. സനാഥ് റെഡ്ഡി ഒപ്പുവെച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി തങ്ങളുടെ വാദങ്ങള്‍ വ്യക്തമാക്കിയത്. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവാപായം വരുത്തണമെന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതികള്‍ എത്തിയതെന്ന് ഇ.ഡി ആരോപിച്ചു.

