ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാർത്തകള്‍ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . കോർ കമ്മിറ്റിയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ ചില മാധ്യമ പ്രവർത്തകർ സങ്കല്‍പ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതില്‍ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നു. ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷിന് മേല്‍ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.
കോർ കമ്മറ്റിയില്‍ അഡ്വ.എസ്.സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകള്‍ പൂർണ്ണമായും തെറ്റാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും, നിക്ഷിപ്ത താല്‍പ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴില്ലെന്നുറപ്പാണ്. എന്നാല്‍ പൊതു സമൂഹത്തില്‍ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കില്‍ അതു പരാജയപ്പെടും.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാല്‍ വീണ്ടും വീണ്ടും, നടക്കാത്ത ചർച്ചകള്‍ നടന്നു എന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ തുടരുന്നത് മാധ്യമ ധർമ്മമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, നൂറ്റാണ്ടിലധികമായി സമൂഹത്തില്‍ വിശ്വാസ്യത നേടിയ മാധ്യമങ്ങള്‍ പോലും വസ്തുതയുടെ ഒരു ശതമാനം പോലുമില്ലാത്ത വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു .

