Wednesday, 18 Mar, 5.50 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കൊറോണ കാലത്ത് ഉപതെരഞ്ഞടുപ്പ് നടത്താതിരിക്കാന്‍ ചരടുവലി; സി പി എം, കോണ്‍ഗ്രസ് തുടങ്ങിയ പ്രധാന കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് യാതൊരു താല്‍പര്യവുമില്ല; ഒരു തെരഞ്ഞടുപ്പ് നടത്തി പരാജയമടയാന്‍ പാര്‍ട്ടികള്‍ക്ക് താത്പര്യമില്ല

കുട്ടനാട്, ചവറ ഉപ തെരഞ്ഞടുപ്പുകള്‍ നടത്താതിരിക്കാന്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ചരടുവലി തുടങ്ങി. സി പി എം, കോണ്‍ഗ്രസ് തുടങ്ങിയ പ്രധാന കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് യാതൊരു താല്‍പര്യവുമില്ല. കൊറോണ കാലത്ത് ഒരു തെരഞ്ഞടുപ്പ് നടത്തി പരാജയമടയാന്‍ പാര്‍ട്ടികള്‍ക്ക് താത്പര്യമില്ല എന്നതാണ് വാസ്തവം.

കോണ്‍ഗ്രസിനും സി പി എമ്മിനും യാതൊരു ഉറപ്പും പറയാനാവാത്ത മണ്ഡലങ്ങളാണ് ചവറയും കുട്ടനാടും. രണ്ട് സ്ഥലങ്ങളും ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ്. അവിടെ തോറ്റാല്‍ അതിന്റെ ദോഷം ഇടതു മുന്നണിക്കാണ്. എന്നാല്‍ ഇടതുമുന്നണിയുടെ സീറ്റുകള്‍ പിടിക്കാനായാല്‍ അതിന്റെ നേട്ടം കോണ്‍ഗ്രസിന് കിട്ടും. അതുകൊണ്ടാണ് കുട്ടനാട് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ ജയിക്കുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. എന്നാല്‍ അക്കാര്യം സ്ഥാനാര്‍ത്ഥിയെ ആശ്രയിച്ചിരിക്കും. എം ലിജുവിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസാകട്ടെ സീറ്റില്‍ പിടിമുറുക്കിയിട്ടുണ്ട്.

ചവറ സീറ്റില്‍ ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും. അദ്ദേഹത്തിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയന്‍ പിള്ളയുടേത് അട്ടിമറി വിജയമാണ്. അത് ഇത്തവണ ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി പോലും കരുതുന്നില്ല. യു ഡി എഫ് ആകട്ടെ ചവറയുടെ കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്.

എന്നാല്‍ 2021 ഏപ്രിലിലിലാണ് നിയമസഭയിലേക്ക് പൊതുതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. പൊതു തെരഞ്ഞടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഉപതെരഞ്ഞടുപ്പ് വേണോ എന്നാണ് ചോദ്യം. 2021 ലെ പൊതുതെരഞ്ഞടുപ്പിന് പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇക്കൊല്ലം പകുതിയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കണം. അതിനിടയില്‍ ഒരു ഉപ തെരഞ്ഞടുപ്പിന് ഒരുങ്ങിയാല്‍ അത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മുഖ്യ രാഷ്ട്രീയ കക്ഷികളുടെ വിശ്വാസം.

ഉപതെരഞ്ഞടുപ്പിന്റെ കാര്യം സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നാണ് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഇലക്ഷന്‍ കമ്മീഷനെ അറിയിക്കും. ഏപ്രില്‍ അവസാനം കുട്ടനാട് തെരഞ്ഞടുപ്പ് നടക്കുമെന്ന പ്രചരണം ടീക്കാറാം മീണ തള്ളി. അന്തിമ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്ബ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാന കമ്മീഷനോട് റിപ്പോര്‍ട്ട് തേടാറുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ സംസ്ഥാന കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങും.

കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കണമെങ്കില്‍ മാര്‍ച്ച്‌ 31 ആകും. അടുത്ത രണ്ടാഴ്ച നിര്‍ണായക സമയമാണ്. അതില്‍ കേരളത്തിന് വിജയിക്കാനായാല്‍ വിഷയമില്ല.എന്നാല്‍ അസുഖം പടര്‍ന്നാല്‍ ഇലക്ഷന്‍ നടത്തുക അസാധ്യമായി മാറും.

സര്‍ക്കാരും പ്രതിപക്ഷവും ഉറ്റുനോക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനെയാണ്. അത് പൊതു തെരഞ്ഞടുപ്പിനുള്ള കര്‍ട്ടന്‍ റെയിസറാണ്. അതിനിടയില്‍ ഉപ തെരഞ്ഞടുപ്പ് വരുന്നത് ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടികളുടെ പ്രതികരണം. അതിനാല്‍ ഏത് വിധേനയും തെരഞ്ഞടുപ്പ് നടത്താതിരിക്കാനായിരിക്കും സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുക

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top